ഇതര സംസ്ഥാനങ്ങളിലെ മലയാളികള്‍ക്ക് കേരളത്തിലെത്താനുള്ള പാസ് വിതരണം നിര്‍ത്തിവെച്ചു. നിലവില്‍ പാസ് ലഭിച്ചവരില്‍ റെഡ്സോണില്‍ നിന്ന് വരുന്നവരെ ക്വാറന്റീന്‍ ചെയ്യുന്ന നടപടി പൂര്‍ത്തിയായ ശേഷമേ ഇനി പാസുകള്‍ അനുവദിക്കൂ. സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതിഥി തൊഴിലാളികളെ കൊണ്ടുപോയ ട്രെയിനില്‍ മലയാളികളെ മടക്കിക്കൊണ്ടുവരാമെന്ന് റെയില്‍വെ അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ റെഡ്സോണില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ 14 ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റീനില്‍ കഴിയണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാസ് വിതരണം നിര്‍ത്തിയത്. നേരത്തെ എത്തിയവരുടെയും ഇതിനകം പാസ് അനുവദിച്ചവരുടെയും പരിശോധന, ക്വാറന്റീന്‍ നടപടികള്‍ ഉറപ്പാക്കിയ ശേഷമെ ഇനി പാസുകള്‍ അനുവദിക്കൂ. അതേസമയം, ഓണ്‍ലൈന്‍ വഴി പാസിന് അപേക്ഷിക്കുന്നതിന് തടസ്സമില്ല. പ്രവാസി മലയാളികള്‍ കൂടി തിരിച്ചുവരുന്നത് കാരണം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തിരക്കിലായതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പാസ് വിതരണം താത്കാലികമായി നിര്‍ത്തിയത്.
മറ്റ് സംസ്ഥാനങ്ങളിലെ മലയാളികളെ തിരിച്ചുകൊണ്ടുവരാന്‍ പ്രത്യേക നോണ്‍ സ്റ്റോപ് ട്രെയിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുകൂലമായി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ അതിഥി തൊഴിലാളികളെ കൊണ്ടുപോയ ട്രെയിനുകളില്‍ അതാത് സംസ്ഥാനങ്ങളിലെ മലയാളികളെ മടക്കിക്കൊണ്ടുവരാന്‍ തയ്യാറാണെന്ന് റയില്‍വെ അറിയിച്ചു. ഇക്കാര്യത്തില്‍ ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ തമ്മില്‍ ആശയവിനിമയം നടത്തി ധാരണയിലെത്തിയാല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും.