Kerala

ഉഷ്ണം മൂലം ജനല്‍ തുറന്നിട്ട് ഉറങ്ങുന്നവരുടെ ആഭരണങ്ങള്‍ മാത്രം മോഷ്ടിക്കും; അതിനായി പ്രത്യേക മോഡസ് ഓപ്പറാണ്ടി; പരുന്ത് പ്രാഞ്ചിയുടെ കഥ

ഉഷ്ണം മൂലം ജനലുകള്‍ തുറന്നിട്ട് ഉറങ്ങുന്നവരെ മാത്രം ലക്ഷ്യമിട്ട് മോഷണം നടത്തുന്ന ആളെ തൃശൂര്‍ ചാലക്കുടി പൊലീസ് പിടികൂടി. പരുന്ത് പ്രാഞ്ചി എന്ന് ഇരട്ടപ്പേരുള്ള ഫ്രാന്‍സിസാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ വലയിലായത്. 

ചാലക്കുടിയിലും പരിസര പ്രദേശങ്ങളിലും രാത്രികളില്‍ ഉഷ്ണം മൂലം ജനല്‍ തുറന്നിട്ട് ഉറങ്ങുന്നവരുടെ ആഭരണങ്ങള്‍ മോഷണം പോകുന്ന സംഭവം തുടര്‍ച്ചയായിരുന്നു.ഇതേ തുടര്‍ന്ന് റൂറല്‍ എസ്പി ഐശ്വര്യ ഡോങ്‌റെയുടെ നിര്‍ദേശ പ്രകാരം പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചത്. ഇത്തരം മോഷണങ്ങള്‍ നടത്തിയത് കുപ്രസിദ്ധ മോഷ്ടാവ് പരിയാരം എലിഞ്ഞിപ്ര കണ്ണമ്പുഴ വീട്ടില്‍ പരുന്ത് പ്രാഞ്ചി എന്ന ഫ്രാന്‍സിസ് ആണെന്ന് വ്യക്തമായി. പരുന്തിനേ പോലെ നിമിഷാര്‍ദ്ധത്തില മോഷണം നടത്താന്‍ വിരുതനായ ഫ്രാന്‍സിസ് പിടിക്കപ്പെടുമെന്ന് കണ്ടാല്‍ ഓടി രക്ഷപെടാന്‍ ശ്രമിക്കും. അതിസമര്‍ത്ഥനായ ഓട്ടക്കാരനായതിനാലാണ് കാള്‍ലൂയീസ് പ്രാഞ്ചി എന്നും ഇയാള്‍ക്ക് വിളിപ്പേരുണ്ട്. ചാലക്കുടി മോസ്‌കോയിലെ വീട്ടില്‍ ജനലിലൂടെ കയ്യിട്ട് മോഷണം നടന്നതിനെ തുടര്‍ന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. സമാന രീതിയില്‍ മോഷണം നടത്തുന്നവരെ കുറിച്ചുമുള്ള അന്വേഷണമാണ് സംശയത്തിന്റെ മുന ഫ്രാന്‍സിസിലേക്കെത്താന്‍ കാരണമായത്. കഴിഞ്ഞ ദിവസങ്ങളില്‍ ഫ്രാന്‍സിസ് ധാരാളം പണം ധൂര്‍ത്തടിക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഫ്രാന്‍സിസിനെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ മോഷണങ്ങള്‍ നടത്തിയതായും മോഷ്ടിച്ച സ്വര്‍ണം കടയില്‍ വില്‍പ്പന നടത്തിയതായും ഇയാള്‍ സമ്മതിച്ചു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.

എറണാകുളം, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഫ്രാന്‍സിസിനെതിരെ കൂടുതല്‍ കേസുകളുള്ളത്. പലകേസുകളിലായി പതിനാല് വര്‍ഷത്തോളം തടവുശിക്ഷയും അനുഭവിച്ചിട്ടുണ്ട്. കുപ്രസിദ്ധ മോഷ്ടാവ് പരിയാരം കമ്മളം സ്വദേശി സുനാമി ജെയ്‌സണ്‍ എന്നറിയപ്പെടുന്ന ചേര്യേക്കര ജെയ്‌സണാണ് മോഷണത്തിന്റെ ആരംഭ കാലങ്ങളില്‍ ഇയാളുടെ പങ്കാളി ആയിരുന്നത്. പിന്നീട് വഴി പിരിഞ്ഞ ഇരുവരും മോഷണം തുടര്‍ന്നുവരികയായിരുന്നു. സുനാമി ജയ്‌സണ്‍ അടുത്തയിടെ മറ്റൊരു മോഷണ കേസില്‍ ജയിലിലാണ്. പാലക്കാട് ജയിലില്‍ നിന്നും മോചിതനായ ശേഷം നാട്ടിലെത്തി വര്‍ഷങ്ങളായി കുറ്റകൃത്യങ്ങളില്‍ നിന്നും വിട്ടു നിന്ന ഫ്രാന്‍സിസിനെ പോലീസുകാരും അഭ്യുദയകാംക്ഷികളും ചേര്‍ന്ന് സഹായിച്ച് ലോട്ടറി വിറ്റ് ഉപജീവനം നടത്തിവരികയായിരുന്നു. ഇടക്കാലം കൊണ്ട് ചീട്ടുകളിയില്‍ ഏര്‍പ്പെടുകയും ധാരാളം പണം ചീട്ടുകളിയില്‍ നഷ്ടപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇയാള്‍ വീണ്ടും മോഷണത്തിലേയ്ക്ക് തിരിഞ്ഞത്.