പന്തീരങ്കാവ് യു.എ.പി.എ കേസ് സംസ്ഥാന പൊലീസിന് തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചു. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. ഇന്നലെ പ്രതിപക്ഷം നിയമസഭയില്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
ഇന്നലെ വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചപ്പോള്‍ കേസ് എൻ.ഐ.എക്ക് വിട്ടുകൊടുത്തത് സംസ്ഥാന സർക്കാർ അല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. യു.എ.പിഎ ചുമത്തിയത് പുനഃപരിശോധനയ്ക്ക് മുമ്പ് തന്നെ കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കേസ് തിരിച്ചുവിളിക്കാന്‍ സാധിക്കുമെന്ന് പ്രതിപക്ഷം സഭയെ അറിയിച്ചിരുന്നു. എന്നാല്‍ അത് നടക്കില്ലെന്ന് അറിയിച്ച മുഖ്യമന്ത്രി ഇന്ന്, അമിത് ഷാക്ക് കത്തയക്കുകയായിരുന്നു. എന്‍.ഐ.എ നിയമത്തിന്റെ 7ബി വകുപ്പ് ഉപയോഗിച്ച് കേസ് സംസ്ഥാന സർക്കാർ തിരികെ വിളിക്കണമെന്നും യു.എ.പി.എ ചുമത്തിയത് പുനപരിശോധിക്കണമെന്നും വിഷയം ഉന്നയിച്ച പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.