India Kerala

പൊലീസിന് തിരികെ നല്‍കാന്‍ മുഖ്യമന്ത്രി കത്തയച്ചത് സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍

പന്തീരങ്കാവ് യു.എ.പി.എ കേസ് കേരള പൊലീസിന് തിരികെ നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തയച്ചത് രാഷ്ട്രിയ സമ്മർദ്ദങ്ങൾക്കൊടുവിൽ. സി.പി.എം കോഴിക്കോട് ജില്ല നേതൃത്വത്തിന്‍റ നിരന്തര ഇടപെടലിനൊപ്പം, പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിലൂടെയുണ്ടായ ന്യൂനപക്ഷ പിന്തുണ കുറയുമോ എന്ന ആശങ്കയും മുഖ്യമന്ത്രിയുടെ മലക്കം മറിച്ചിലിന് പിന്നിലുണ്ടെന്നാണ് വിവരം. പാർട്ടി അംഗങ്ങളായ അലനും താഹയ്ക്കുമെതിരായ യു.എ.പി.എ കേസിൽ മുഖ്യമന്ത്രി ഇന്നലെ സ്വീകരിച്ച നിലപാടാണിത്.

നിയമസഭയിൽ ഈ നിലപാട് സ്വീകരിച്ച് ഒരു ദിവസം കഴിയുന്നതിന് മുമ്പ് പിണറായി വിജയൻ അമിത് ഷായ്ക്ക് കത്തയച്ചതിന് പിന്നിൽ നിരവധി രാഷ്ട്രീയ കാര്യങ്ങളുണ്ടെന്നാണ് വിലയിരുത്തൽ. പ്രതിപക്ഷത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് കത്തയക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും അതല്ല പ്രധാന കാരണം. കത്തയച്ചതിന്‍റെ പ്രധാന കാരണങ്ങളിൽ ഒന്ന് സി.പി.എം കോഴിക്കോട് പാർട്ടി നേതൃത്വത്തിന്‍റെ സമ്മർദ്ദമാണ്. ഇടതുപക്ഷ കുടുംബങ്ങളിൽ നിന്നുളള പാർട്ടി അംഗങ്ങളായ യുവാക്കളുടെ രക്ഷിതാക്കൾക്കുണ്ടായ ആശങ്ക സംസ്ഥാന നേതൃത്യത്തെ ജില്ല നേതൃത്വം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

കോഴിക്കോട് ജില്ല സെക്രട്ടറി പി.മോഹനൻ കഴിഞ്ഞ ദിവസങ്ങളിൽ തലസ്ഥാനത്തുണ്ടായിരുന്നു. ഇക്കാര്യത്തിൽ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ശക്തമായ എതിർപ്പ് നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചതായും വിവരമുണ്ട്. രണ്ടാമത് പൗരത്വ വിഷയത്തോടെ ന്യൂനപക്ഷങ്ങൾക്കിടയിലുണ്ടായ രാഷ്ട്രീയ മേൽക്കൈ നഷ്ടപ്പെടരുതെന്ന ചിന്തയും മുഖ്യമന്ത്രിയെ സ്വാധീനിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ. അതേസമയം കേസ് തിരികെ തരണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടാലും നിലവിലെ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ അത് അംഗീകരിക്കുമോ എന്നതും പ്രധാനപ്പെട്ട ചോദ്യമാണ്.