രാഷ്ട്രപതി തെരഞ്ഞെടുപ്പ് ക്രോസ് വോട്ടിംഗിൽ വിമർശനവുമായി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ബി ജെ പി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത എംഎൽഎ കുലംകുത്തിയാണെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. വോട്ട് ചെയ്തയാളെ തിരിച്ചറിഞ്ഞാൽ കേരള രാഷ്ട്രീയത്തിൽ അപ്രസക്തനാകും. എൽഡിഎഫ് എംഎൽഎമാർ വോട്ട് ചെയ്‌തെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ അധാർമികതയാണ് ഇത്. ഒരു വോട്ടാണെങ്കിലും അത് ബിജെപി സ്ഥാനാർഥിക്ക് കിട്ടിയത് അപകടമാണ്. ഒരാളെങ്കിലും ഇങ്ങനെ ചെയ്തത് ഭയപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് ചെയ്തത് ഏതു പാർട്ടിക്കാരനായാലും നടപടി ഉണ്ടാകുമെന്ന് ഉറപ്പാണ്. എല്ലാ പാർട്ടികൾക്കും ഇത് പാഠമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽനിന്നുള്ള 140 എംഎൽഎമാരിൽ ഒരു എംഎൽഎയുടെ വോട്ട് ദ്രൗപദി മുർവിന് ലഭിച്ചിരുന്നു. പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് 21,128 മൂല്യമുള്ള 139 വോട്ടുകളും ദ്രൗപദിക്ക് 152 മൂല്യമുള്ള ഒരു വോട്ടുമാണ് ലഭിച്ചത്. കേരള നിയമസഭയിൽ പ്രാതിനിധ്യമുള്ള ഒരു പാർട്ടിയും ദ്രൗപദിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല. ദ്രൗപദിയെ പിന്തുണയ്ക്കാമെന്ന് ജനതാദൾ (എസ്) പ്രഖ്യാപിച്ചിരുന്നെങ്കിലും കേരളത്തിൽ ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നാണ് സംസ്ഥാന ഘടകം അറിയിച്ചിരുന്നത്.