Kerala

പി. വി അൻവർ എംഎൽഎയുടെ റിസോർട്ടിലെ തടയണകൾ പൊളിച്ചു നീക്കാൻ നടപടി തുടങ്ങി

കോഴിക്കോട് കക്കാടംപൊയിലിലെ പി.വി. അൻവർ എംഎൽഎയുടെ റിസോർട്ടിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് നടപടി തുടങ്ങി. തടയണകൾ പൊളിച്ചുനീക്കാൻ റിസോർട്ട് അധികൃതർക്ക് കോഴിക്കോട് ജില്ലാ കളക്ടർ നൽകിയ സമയ പരിധി ഇന്നലെ അവസാനിച്ചിരുന്നു. പഞ്ചായത്ത് അധികൃതർ തടയണകൾ സന്ദർശിച്ച് പൊളിച്ചു നീക്കുന്നതിനുള്ള കാര്യങ്ങൾ വിലയിരുത്തി.

ഹൈക്കോടതി നിർദേശത്തെ തുടർന്ന് പി.വി.ആർ റിസോർട്ടിലെ തടയണകൾ പൊളിച്ചു നീക്കാൻ ഉടമകൾക്ക് ഒരു മാസത്തെ സമയമാണ് കോഴിക്കോട് ജില്ലാ കളക്ടർ അനുവദിച്ചത്. സമയപരിധി ഇന്നലെ അവസാനിച്ചിട്ടും ഉടമകൾ തടയണ പൊളിച്ചില്ല. ഉടമകൾ പൊളിച്ചുനീക്കിയില്ലെങ്കിൽ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി ഇക്കാര്യം ഏറ്റെടുക്കണമെന്നും കളക്ടർ നിർദേശിച്ചിരുന്നു. പൊളിക്കാനുള്ള ചെലവ് ഉടമകളിൽ നിന്ന് ഈടാക്കണമെന്നും ഉത്തരവിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചത്. തടയണ പൊളിക്കാനുള്ള നടപടികൾ തുടങ്ങിയെന്ന് പഞ്ചായത്ത് സെക്രട്ടറി ഒ.എ അൻസു പറഞ്ഞു.

തടയണകൾ പൊളിക്കാൻ നടപടിക്രമം പൂർത്തിയാക്കാനെടുക്കുന്ന കാലതാമസമേ ഉണ്ടാകൂയെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. പഞ്ചായത്ത് ഭരണ സമിതി പ്രാഥമിക ചർച്ച നടത്തണം. തുടർന്ന് പൊളിച്ചു നീക്കാൻ ടെൻഡർ വിളിച്ച് കരാർ നൽകും. മറ്റു നടപടിക്രമങ്ങളും പൂർത്തിയാക്കണം. വിദഗ്ധരുമായി ചർച്ച നടത്തിയ ശേഷം പഞ്ചായത്ത് തുടർനടപടികൾ തീരുമാനിക്കും. സ്വാഭാവിക നീരൊഴുക്ക് തടയുന്നുവെന്ന് കണ്ടെത്തിയതിനാലാണ് പാർക്കിലെ നാല് തടയണകൾ പൊളിച്ചുനീക്കാൻ ഉത്തരവിട്ടത്. തടയണയിലെ വെള്ളം ഒഴുക്കിക്കളഞ്ഞിട്ടുണ്ടെന്നായിരുന്നു റിസോർട്ട് ഉടമകൾ കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിനെ അറിയിച്ചത്.