Kerala

സിൽവർ ലൈനിന്റെ പേരിൽ വീട് നിർമ്മാണം തടഞ്ഞ് പഞ്ചായത്ത് അധികൃതർ

കോട്ടയത്ത് സിൽവർ ലൈനിന്റെ പേരിൽ വീട് നിർമ്മാണം തടഞ്ഞ് പഞ്ചായത്ത് അധികൃതർ. സിൽവർ ലൈനിന്റെ ബഫർ സോണായതിനാൽ വീട് നിർമ്മിക്കാനുള്ള അനുമതി നൽകാനാവില്ലെന്നാണ് പനച്ചിക്കാട് പഞ്ചായത്ത് പറയുന്നത്. വീട് വെയ്ക്കാൻ കെ റെയിൽ കമ്പനിയുടെ അനുമതി വാങ്ങണമെന്നാണ് അപേക്ഷനോട് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കിയത്. വീട് നിർമ്മിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി സിൽവർ ലൈൻ തഹസിൽദാർക്ക് അയച്ച കത്തും പുറത്തായി.

വീടിന്റെ രണ്ടാംനില പണിയുന്നതിനായി ഉമസ്ഥനായ സിബി പനച്ചിക്കാട് പ‍ഞ്ചായത്ത് സെക്രട്ടറിയെയാണ് സമീപിച്ചത്. സർവേ നമ്പർ ബഫർ സോണിൽ ഉൾപ്പെടുന്നതാണെന്ന് പറഞ്ഞ് സിൽവർ ലൈൻ തഹസിൽദാരെ കാണാൻ പ‍ഞ്ചായത്ത് സെക്രട്ടറി സിബിയോയ് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് പഞ്ചായത്ത് സെക്രട്ടറി തന്നെ സിൽവർ ലൈൻ തഹസിൽദാർക്ക് ഇതുസംബന്ധിച്ച് കത്തയച്ചത്.

വീട് വയ്ക്കാൻ എൻ.ഒ.സി ആവശ്യപ്പെട്ടുകൊണ്ടുള്ള ലെറ്റർ പഞ്ചായത്ത് സെക്രട്ടറി സിബിക്ക് കൈമാറുകയും ഫെബ്രുവരി മാസത്തിൽ കോട്ടയം കളക്ടറേറ്റിലെ തഹസിൽ​ദാരുടെ ഓഫിസിൽ ഇത് എത്തിക്കുകയും ചെയ്തു. എന്നാൽ ഇതിന് ശേഷം പല തവണ അവിടെയെത്തിയിട്ടും വീട് നിർമ്മാണത്തിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് സിബി ട്വന്റിഫോറിനോട് പറഞ്ഞു.