കൊച്ചി പനങ്ങാട് വ്യാപക നിലംനികത്തല്‍. അനുമതിയില്ലാതെയാണ് നിലം നികത്തല്‍ എന്നറിഞ്ഞിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതോടെ കലക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍.
പനങ്ങാട് എം.എല്‍.എ റോഡിന് തെക്ക് വശം ഏഴാം വാര്‍ഡിലാണ് മൂന്നേക്കറിലധികം വരുന്ന ഭൂമി വ്യാപകമായി നികത്തുന്നത്. തോട് കയ്യേറി മണ്ണിട്ടത് മൂലം തോടിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടെന്നും ഇത് മൂലം വെളളക്കെട്ട് ഉണ്ടാകുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ഒരുകാലത്ത് കൃഷിനിലമായിരുന്ന പ്രദേശം വര്‍ഷങ്ങളായി തരിശായിക്കിടക്കുകയായിരുന്നു. പ്രദേശത്ത് വീട് വെക്കാന്‍ നിലം നികത്തിയിരുന്നു. ഇതിന് പുറമെയാണ് വീട് നിര്‍മിക്കാനെന്ന വ്യാജേനെ നിയമങ്ങള്‍ കാറ്റില്‍ പറത്തി നിലവും തോടും മണ്ണിട്ട് നികത്തുന്നത്. രാത്രിയായാല്‍ പ്രദേശത്ത് വ്യാപകമായി മണ്ണിടുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ ഇടപെടുകയായിരുന്നു.
അനുമതിയില്ലാതെയാണ് നിലം നികത്തുന്നത് എന്ന് അധികാരികള്‍ക്കറിയാമെങ്കിലും നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് വില്ലേജ് അധികാരികള്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. സ്ഥലം ഉടമക്ക് താക്കീത് നല്‍കിയെങ്കിലും നികത്തല്‍ തുടര്‍ന്നു. ഇതോടെ കലക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍.