പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പാണമ്പ്രയിൽ മർദ്ദനമേറ്റ പെൺകുട്ടി 24നോട്. ഇനി ഇങ്ങനെ അനുഭവമുണ്ടായാൽ പൊലീസിനു പരാതി നൽകുമോ എന്ന് സംശയമാണ്. അവരോടുള്ള വിശ്വാസം കൊണ്ടാണ് മർദ്ദനമേറ്റയുടൻ പൊലീസ് സ്റ്റേഷനിൽ പോയത് എന്നും ഹസ്ന ഹസീസ് 24നോട് പറഞ്ഞു.
“ഇത്രയൊക്കെ ആയിട്ടും നടപടി വൈകുന്നതെന്തെന്ന് അറിയില്ല. സാധാരണ ഒരാളാണ് ഇത് ചെയ്തതെങ്കിൽ കേസ് ഇത്രയും സങ്കീർണമാവില്ല. എന്താണ് അവർക്ക് നൽകേണ്ട ശിക്ഷ എന്നത് വ്യക്തമാണ്. പക്ഷേ, ഇയാൾ വലിയ ഒരാളുടെ മകനാണ് എന്നുള്ളതുകൊണ്ടാണോ പൊലീസ് ഇയാളെ രക്ഷിക്കാൻ നോക്കുന്നത്. രാഷ്ട്രീയ പ്രവർത്തകൻ്റെ മകൻ എന്നുള്ളതിനുപരി ഇയാൾ ഒരു പ്രതിയാണ്. ഇയാൾ ചെയ്ത തെറ്റിനുള്ള ശിക്ഷ നൽകാനാണ് ഞങ്ങൾ പറയുന്നത്. ഇനി ഇതുപോലെ ഒരനുഭവം ഉണ്ടായാൽ പൊലീസിനെ സമീപിക്കാനുള്ള വിശ്വാസം നഷ്ടമായി. പൊലീസിൽ ഒരു വിശ്വാസവുമില്ല. കാരണം, ഇത്രയും ദിവസമായിട്ടും തെളിവടക്കം എല്ലാം നൽകിയിട്ടും ഇതുവരെ പൊലീസിൻ്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ല. ഇനി ഇങ്ങനെ അനുഭവമുണ്ടായാൽ പൊലീസിനു പരാതി നൽകുമോ എന്ന് സംശയമാണ്. അവരോടുള്ള വിശ്വാസം കൊണ്ടാണ് പൊലീസ് സ്റ്റേഷനിൽ പോകുന്നത്. അടികൊണ്ട് അത്ര സമയം പൊലീസ് സ്റ്റേഷനിൽ പോയി കാത്തിരിക്കേണ്ട ആവശ്യമില്ല. ആരും പൊലീസിനോട് പോകാത്തത് എന്തുകൊണ്ടാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. പരാതി കൊടുക്കേണ്ടായിരുന്നു എന്നാണ് ഇപ്പോൾ തോന്നുന്നത്. പൊലീസ് നേരത്തെ നടപടി എടുത്തിരുന്നെങ്കിൽ ഞങ്ങളുടെ ജീവിതത്തെയും ജോലിയെയുമൊന്നും ഇത് ബാധിക്കില്ലായിരുന്നു.”- ഹസ്ന പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ പൊലീസ് പ്രതിയുടെ വാഹനം പിടികൂടിയിരുന്നു. പ്രതിയായ സിഎച്ച് ഇബ്രാഹിം ഷബീറിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയെന്ന് തേഞ്ഞിപ്പലം സിഐ ട്വന്റിഫോറിനോട് വ്യക്തമാക്കി. വാഹനം ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് സിഐ എൻബി ഷൈജു അറിയിച്ചു. പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കാൻ ശ്രമിക്കുമെന്നും തേഞ്ഞിപ്പലം പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ പൊലീസിന് നേരത്തെ ലഭ്യമായിട്ടുണ്ടെന്നും കേസ് ഒതുക്കി തീർക്കുന്നതിന്റെ ഭാഗമായി പൊലീസ് മനപൂർവ്വം ദൃശ്യങ്ങൾ പുറത്തു വിടാതെ സൂക്ഷിച്ചതാണെന്നുമുള്ള ആരോപണം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.