India Kerala

പമ്പയിലെ വാഹന നിയന്ത്രണം നീക്കണമെന്ന് ദേവസ്വം ബോർഡ്

ശബരിമല തീർത്ഥാടന കാലത്ത് സ്വകാര്യ വാഹനങ്ങൾക്ക് പമ്പയിലേക്ക് പ്രവേശനാനുമതി നൽകണമെന്ന കാര്യം ദേവസ്വം ബോർഡ് സർക്കാരിനെ അറിയിക്കും. തീർത്ഥാടകരുടെ എണ്ണം കുറയാൻ കാരണം വാഹനങ്ങൾ കടത്തിവിടാത്തതാണെന്ന നിഗമനത്തിലാണ് ബോർഡ് ഇക്കാര്യം അറിയിക്കുക. എന്നാൽ ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക പൊലീസും സർക്കാരുമായിരിക്കും.

കഴിഞ്ഞ ദിവസം ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് ഈ നിലപാടിൽ ബോർഡ് എത്തിയത്. ബേസ് ക്യാമ്പ് നിലയ്ക്കലിൽ തന്നെ നിലനിർത്താനാണ് ദേവസ്വം ബോർഡ്‌ സർക്കാരിനോടും പൊലീസിനൊടും ആവശ്യപ്പെടുക. തീർത്ഥാടകർ വരുന്ന വാഹനങ്ങൾ പമ്പയിലേക്ക് കടത്തി വിട്ടതിന് ശേഷം തീർത്ഥാടകരെ ഇറക്കി തിരിച്ച് വാഹനങ്ങൾ നിലയ്ക്കലിൽ പാർക്ക് ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തുക എന്നതാണ് ദേവസ്വം ബോർഡ് മുന്നോട്ട് വെയ്ക്കുന്ന നിർദ്ദേശം. ഇത് നടപ്പിലാക്കിയാൽ തീർത്ഥാടകരുടെ എണ്ണത്തിൽ ഉണ്ടാകുന്ന കുറവ് പരിഹരിക്കാമെന്നാണ് ദേവസ്വം ബോർഡ് കരുതുന്നത്. വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും പമ്പയിലേക്ക് വാഹനങ്ങൾ കടത്തി വിടാതിരുന്നതുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ എണ്ണത്തൽ ഗണ്യമായ കുറവുണ്ടായതിന് കാരണമെന്നാണ് ദേവസ്വം ബോർഡിൻ്റെ വിലയിരുത്തൽ.