പമ്പാ ഡാമിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു. നിലവിലെ ജലനിരപ്പ് 983.5 മീറ്ററാണ്. നദിയിലെ പരമാവധി ജലനിരപ്പ് 986.33 മീറ്ററാണ്. ( pamba dam orange alert )
കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകൾ ഇന്ന് രാവിലെ 11 മണിക്ക് ശേഷം തുറക്കും. സെക്കന്റിൽ 100 മുതൽ 200 ക്യുബിക് മീറ്റർ ജലമാണ് തുറന്നു വിടുക. ഇതോടെ പമ്പാ നദിയിലെ ജലനിരപ്പ് വീണ്ടും ഉയരും. പമ്പാ നദിയുടെ ജനവാസ മേഖലകളിൽ പരമാവധി 15 സെന്റിമീറ്ററിൽ കൂടുതൽ ജലനിരപ്പ് ഉയരാതെ ക്രമീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
പുറത്തേക്ക് ഒഴുകുന്ന ജലം പമ്പാനദിയിലൂടെ ഏകദേശം രണ്ട് മണിക്കൂറിന് ശേഷം പമ്പ ത്രിവേണിയിൽ എത്തും. പമ്പാനദിയിലെ ജലനിരപ്പ് ജലസേചന വകുപ്പ് തുടർച്ചയായി നിരീക്ഷിക്കണമെന്ന് അധികൃതർ നിർദേശം നൽകി. പമ്പാ തീരത്തുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മൈക്ക് അനൗൺസ്‌മെന്റ് മുഖേന ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകണമെന്നും അധികൃതർ വ്യക്തമാക്കി. അപകടസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്ന എല്ലാ ആളുകളേയും ക്യാമ്പുകളിലേക്ക് മാറ്റാൻ തഹസീൽദാർക്കും വില്ലേജ് ഓഫിസർമാർക്കും പഞ്ചായത്ത് സെക്രട്ടറിമാർക്കും ചുമതല നൽകിയിട്ടുണ്ട്. വനത്തിനുള്ളിൽ അപകടസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ബന്ധപ്പെട്ട ജില്ലാ ഫോറസ്റ്റ് ഓഫിസർക്കും പട്ടിക ജാതി പട്ടിക വർഗ വികസന ഓഫിസർക്കുമാണ് ചുമതല.
പമ്പാ നദിയിൽ ജലനിരപ്പ് ഉയരുന്നുണ്ടെന്ന് ഇന്നലെ തന്നെ മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. പമ്പാനദി, മണിമലയാർ, അച്ചൻകോവിലാർ എന്നീ മൂന്ന് നദികളും അപകട നിലയ്ക്ക് മുകളിലൂടെയാണ് ഒഴുകുന്നത്. നദീതീരങ്ങളിൽ വെള്ളം ഉയരാൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്നും ആളുകൾ സുരക്ഷാ സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഇന്നലെതന്നെ നിർദേശം നൽകിയരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുറേയാളുകൾ മാറിയിരുന്നു. ജില്ലയിൽ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഇതുസംബന്ധിച്ച അനൗൺസ്‌മെന്റുകൾ പഞ്ചായത്തുകൾ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.