പാല: പാല നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് യൂത്ത് ഫ്രണ്ടിന്റേയും വനിതാ വിഭാഗത്തിന്റേയും ആവശ്യം. രാജ്യസഭാംഗത്വം നഷ്ടപ്പെടുത്തി ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകേണ്ടെന്നാണ് യുഡിഎഫ് തീരുമാനം. രാജ്യസഭാംഗത്വം രാജി വച്ച് മത്സരത്തിനിറങ്ങിയാല്‍ ആ സീറ്റ് എല്‍ഡിഎഫിന് ലഭിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് യുഡിഎഫിന്റെ തീരുമാനം. ഇക്കാര്യം നേതാക്കള്‍ ജോസ് കെ മാണിയെ അടക്കം അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.
അതേസമയം കെ.എം മാണിയുടെ സീറ്റില്‍ അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നുതന്നെ ആരെങ്കിലും സ്ഥാനാര്‍ത്ഥിയാകണമെന്നും ആവശ്യമുണ്ട്. ഇതെല്ലാം പരിഗണിക്കുമ്ബോള്‍ നിഷ തന്നെ സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. പാലായില്‍ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ അവതരിപ്പിക്കാവുന്ന മുഖങ്ങള്‍ വേറെയില്ല എന്നതും നിഷയ്ക്ക് സാധ്യത വര്‍ധിപ്പിക്കുന്നു.
ഇന്ന് ഉച്ചയ്ക്ക് ചേരുന്ന കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റിയിലെ ജോസ് കെ മാണി വിഭാഗത്തില്‍ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. അതേസമയം പാലായിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പി ജെ ജോസഫ് ഇടപെടേണ്ടതില്ലെന്നും യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജന്‍ തൊടുക പറഞ്ഞു.