Kerala

‘ഈ സർക്കാറിന് കുഞ്ഞുങ്ങളോട് എന്തിനാണിത്ര പക?’; പാലത്തായി കേസില്‍ വിമര്‍ശനവുമായി പി.കെ ഫിറോസ്

‘പിണറായി വിജയന്‍റേയും ശൈലജ ടീച്ചറുടെയും വീട്ടിലുള്ള ഒരു കുട്ടിക്കാണ് ഇത് സംഭവിച്ചതെങ്കിൽ ഈ നിലപാടായിരുന്നോ സ്വീകരിക്കുക?’

കണ്ണൂര്‍ പാലത്തായിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന് ജാമ്യം ലഭിച്ചതില്‍ വിമര്‍ശനവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. ‘ഈ സർക്കാറിന് കുഞ്ഞുങ്ങളോടെന്തിനാണിത്ര പക?’ എന്നും ‘പിണറായി വിജയന്‍റേയും ശൈലജ ടീച്ചറുടെയും വീട്ടിലുള്ള ഒരു കുട്ടിക്കാണ് ഇത് സംഭവിച്ചതെങ്കിൽ ഈ നിലപാടായിരുന്നോ സ്വീകരിക്കുക?’ എന്നും പി.കെ ഫിറോസ് ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

‘നാലാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിക്കെതിരെയുള്ള പീഢനമായിട്ടും പോക്സോ ആക്ട് പ്രകാരമുള്ള വകുപ്പ് ചുമത്തിയില്ല. ഈ കേസിലും നീതി ലഭിക്കാൻ പോകുന്നില്ല. ശിശുക്ഷേമ വകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെ മണ്ഡലത്തിലാണ് ഈ ക്രൂരത സംഭവിച്ചത്. ആഭ്യന്തര മന്ത്രി പിണറായി വിജയന്‍റെ ജില്ലയിലാണ് ഇത് സംഭവിച്ചിരിക്കുന്നത്.’; പി.കെ ഫിറോസ് പറഞ്ഞു.

പ്രതി കുനിയില്‍ പത്മരാജന്‍ അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാകുമ്പോഴാണ് കേസില്‍ അന്വേഷണ സംഘം ഭാഗികമായി കുറ്റപത്രം സമര്‍പ്പിച്ചത്. താരതമ്യേന നിസ്സാര വകുപ്പായ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പ് ചുമത്തിയാണ് തലശ്ശേരി പോക്‌സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പോക്സോ വകുപ്പുകൾ ചുമത്തിയിരുന്നില്ല. കുട്ടികളെ അധ്യാപകൻ ശാരീരികമായി ഉപദ്രവിച്ചെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. പോക്സോ ആക്ട് ചുമത്താത്തതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത് പ്രതിയെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമമാണെന്ന ആക്ഷേപം പരക്കെ നിലനില്‍ക്കവെയാണ് ഇന്ന് വൈകിട്ട് തലശേരി പോക്സോ കോടതി പ്രതി പത്മരാജന് ജാമ്യം നല്‍കിയത്.

പ്രതി പത്മരാജന്‍ പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായത്. പോക്സോ നിയമപ്രകാരം കേസെടുത്ത് ഒരുമാസത്തിന് ശേഷമാണ് പ്രതിയെ തലശേരി പൊയിലൂരിലെ ബന്ധുവീട്ടില്‍ നിന്ന് പൊലീസ് പിടികൂടിയത്.

പി.കെ ഫിറോസിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

ഈ സർക്കാറിന് കുഞ്ഞുങ്ങളോടെന്തിനാണിത്ര പക?

എടപ്പാളിലെ തിയേറ്ററിൽ ബാലികയെ പീഢിപ്പിച്ച സംഭവം ഓർമ്മയില്ലേ? വിവരം ചൈൽഡ് ലൈനെ അറിയിച്ച തിയേറ്റർ ഉടമക്കെതിരെയായിരുന്നു പിണറായിയുടെ പൊലീസ് കേസെടുത്തത്. പിന്നീട് വാളയാറിലെ രണ്ട് കുട്ടികൾക്കും നീതി കിട്ടിയില്ല.

ആദ്യത്തെ കുട്ടി പീഢനത്തിന് വിധേയയായി മരണത്തിന് കീഴടങ്ങിയപ്പോഴും പിണറായിയുടെ പൊലീസ് അനങ്ങിയിരുന്നില്ല. രണ്ടാമത്തെ കുട്ടിയും ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുകയും സംഭവം വിവാദമാവുകയും ചെയ്തപ്പോൾ മാത്രമാണ് കേസെടുത്തത്. എന്നിട്ടും പ്രതികൾ കേസിൽ നിന്ന് നിഷ്പ്രയാസം രക്ഷപ്പെട്ടു. പൊലീസ് അവരെ സഹായിച്ചു എന്ന് പറയുന്നതാണ് ശരി.

ഒരു പൊലീസുകാരനെതിരെയും നടപടി ഉണ്ടായില്ല. ഉഭയകക്ഷി സമ്മതപ്രകാരമാണ് പ്രതികൾ കുട്ടികളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടതെന്ന് പറഞ്ഞ പൊലീസുദ്യോഗസ്ഥൻ പോലും ഇപ്പോഴും സർവ്വീസിൽ ഞെളിഞ്ഞിരിക്കുന്നു.

ഇപ്പോഴിതാ പാലത്തായി കേസിലും പ്രതിക്ക് ജാമ്യം ലഭിക്കാൻ പോലീസ് വഴിയൊരുക്കിയിരിക്കുന്നു. നാലാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിക്കെതിരെയുള്ള പീഢനമായിട്ടും പോക്സോ ആക്ട് പ്രകാരമുള്ള വകുപ്പ് ചുമത്തിയില്ല. ഈ കേസിലും നീതി ലഭിക്കാൻ പോകുന്നില്ല.

ശിശുക്ഷേമ വകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെ മണ്ഡലത്തിലാണ് ഈ ക്രൂരത സംഭവിച്ചത്. ആഭ്യന്തര മന്ത്രി പിണറായി വിജയന്‍റെ ജില്ലയിലാണ് ഇത് സംഭവിച്ചിരിക്കുന്നത്.

ശൈലജ ടീച്ചറോടും പിണറായി വിജയനോടും ഒരു കാര്യം ചോദിച്ചോട്ടെ…നിങ്ങളുടെ വീട്ടിലുള്ള ഒരു കുട്ടിക്കാണ് ഇത് സംഭവിച്ചതെങ്കിൽ ഈ നിലപാടായിരുന്നോ നിങ്ങൾ സ്വീകരിക്കുക?

ഈ കുരുന്നുകളുടെ ശാപമൊക്കെ നിങ്ങൾ എവിടെയാണ് കൊണ്ടു പോയി കഴുകിക്കളയുക!!