പാലാരിവട്ടം മേൽപ്പാലം കോടതിയുടെ അനുമതിയില്ലാതെ പൊളിക്കരുതെന്ന് ഹൈക്കോടതി. പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് ലോഡ് ടെസ്റ്റ് നടത്താൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് 15 ദിവസത്തിനകം സർക്കാർ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
പാലാരിവട്ടം പാലം പൊളിക്കുന്നതിനെതിരായ പൊതുതാൽപര്യ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. എൻജിനീയർമാരുടെ സംഘടനയും രണ്ടു സ്വകാര്യ വ്യക്തികളുമാണ് കോടതിയെ സമീപിച്ചത്. സ്വകാര്യവ്യക്തികളുടെ ഹർജിയിൽ പാലം പൊളിക്കുന്നത് നേരത്തെ ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിരുന്നു. പാലം പൊളിക്കുന്നതിനുള്ള സ്റ്റേയുടെ കാലാവധി ഇന്ന് അവസാനിച്ചിരിക്കെയാണ് കോടതി നിർദേശം.
വിശദമായ ഭാരപരിശോധന നടത്തിയ ശേഷം മാത്രമേ പാലം പൊളിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാവൂ എന്നാണ് എൻജിനീയർമാരുടെ ഹർജിയിലെ പ്രധാന ആവശ്യം. 2014ൽ തുടങ്ങിയ ഫ്ലൈ ഓവർ നിർമാണം 2016ൽ പൂർത്തിയായി. മൂന്നു വർഷത്തെ പെർഫോമൻസ് ഗ്യാരൻറി നിലനിൽക്കുന്ന സാഹചര്യത്തിൽ ഫ്ലൈ ഓവർ സർക്കാർ ചെലവിൽ പുതുക്കി പണിയേണ്ടതില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം. പൊളിച്ചു മാറ്റണമെന്ന നിർദേശത്തോടെ സമർപ്പിച്ചുവെന്ന് പറയുന്ന ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോർട്ട് ഇതുവരെ സർക്കാർ പ്രസിദ്ധീകരിച്ചിട്ടില്ല. അത് കോടതി വിളിച്ചു വരുത്തണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു.