India Kerala

പാലാരിവട്ടം മേല്‍പ്പാലം അഴിമതി; വി.കെ ഇബ്രാഹിം കുഞ്ഞിന്റെ പങ്കും അന്വേഷിക്കും

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ പങ്കും അന്വേഷിക്കും. മുന്‍കൂര്‍ പണം അനുവദിച്ചതില്‍ ഇബ്രാഹിം കുഞ്ഞും ഉത്തരവാദിയാണെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണത്തിന് അനുമതി തേടിയിട്ടുണ്ടെന്നും വിജിലന്‍സ് വ്യക്തമാക്കി.

അതേസമയം കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നാലാം പ്രതി ടി. ഒ സൂരജും ഒന്നാം പ്രതി കരാറുകാരനായ സുമിത് ഗോയലും രണ്ടാം പ്രതി എം ഡി തങ്കച്ചനും രണ്ടാം വട്ടം നൽകിയ ജാമ്യപേക്ഷയിൽ വിജിലൻസ് ഇന്ന് വിശദീകരണം നല്‍കും. കേസിന്റെ സാഹചര്യത്തില്‍ മാറ്റം വന്നിട്ടില്ലെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് വിജിലന്‍സിന്റെ നിലപാട്. കഴിഞ്ഞ

ആഗസ്ത് 30നാണ് പ്രതികൾ അറസ്റ്റിലായത്. അന്വേഷണ സംഘം കസ്റ്റഡിയിൽ ചോദ്യം ചെയ്തു കഴിഞ്ഞതിനാൽ ഇനി റിമാൻഡിൽ കഴിയേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. കിറ്റ് കോ മുൻ ജീവനക്കാരി ഭാമ നൽകിയ മുൻകൂർ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയിലുണ്ട്.