പാലാരിവട്ടത്ത് റോഡിലെ കുഴിയില്‍ വീണ് യുവാവിന്റെ ജീവന്‍ പൊലിഞ്ഞതിന് പിന്നാലെ നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തിലാക്കാനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം. തമ്മനം – പുല്ലേപ്പടി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കൊച്ചി കോർപ്പറേഷന് കളക്ടര്‍ നിർദ്ദേശം നൽകി. യുവാവിന്റെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
വ്യാഴാഴ്ച രാവിലെ പാലാരിവട്ടം മെട്രോസ്റ്റേഷന് സമീപത്തെ കുഴിയില്‍ വീണ് കൂനമ്മാവ് സ്വദേശിയായ യദുലാലിന്റെ ജീവന്‍ പൊലിഞ്ഞത്. ഇതോടെ നഗരത്തിലെ റോഡുകളിലെ ശോചനീയാവസ്ഥക്കെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ശക്തമാകുകയും ചെയ്തു. ഇതോടെ അടിയന്തരയോഗം വിളിച്ച് ചേര്‍ത്ത കളക്ടര്‍ റോഡുകളിലെ അറ്റകുറ്റപ്പണി ഏകോപിപ്പിക്കുന്നതിന് പ്രത്യേകസമിതിയെ നിശ്ചയിക്കുകയായിരുന്നു.
സ്ഥലമേറ്റെടുപ്പ് മൂലം നിര്‍മാണം വൈകുന്ന തമ്മനം – പുല്ലേപ്പടി റോഡിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതോടൊപ്പം പാലാരിവട്ടത്ത് മരിച്ച യുവാവിന്റെ കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമാക്കി കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
മജിസ്റ്റീരിയല്‍ അന്വേഷണത്തിന് സമാന്തരമായി പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിലെയും വാട്ടര്‍ അതോറിറ്റിയിലെയും ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി മജ്സ്റ്റീരിയല്‍ അന്വേഷണ ചുമതലയുള്ള അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. ചന്ദ്രശേഖരന്‍ നായര്‍ ഇന്ന് വിവരങ്ങള്‍ ശേഖരിക്കും.
സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. മുന്നറിയിപ്പ് ബോര്‍ഡും ബാരിക്കേഡും സ്ഥാപിക്കാതെ വീഴ്ച വരുത്തിയതിന് നാല് പൊതുമരാമത്ത് എന്‍ജിനീയര്‍മാരെ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു.