India Kerala

പാലാരിവട്ടം പാലം അഴിമതി; വിജിലന്‍സ് അന്വേഷണ സംഘത്തലവനെ മാറ്റി

നിലവിലെ അന്വേഷണ സംഘത്തിന്റെ തലവന്‍ ഡി.വൈ.എസ്.പി അശോകുമാര്‍ ഉള്‍പെടെ കോട്ടയംയൂണിറ്റിലെ ഡി.വൈ.എസ്.പി എന്‍.കെ മനോജിനെയും മറ്റ് മൂന്ന് സി.ഐമാരേയും ടീമില്‍ ഉള്‍പ്പെടുത്തിയാണ് സംഘത്തെ വിപുലീകരിച്ചത്. എന്നാല്‍, സംഘത്തിന്‍റെ ചുമതലയില്‍ നിന്നും അശോക് കുമാറിനെ മാറ്റി ഡി.വൈ.എസ്.പി ശ്യാംകുമാറിനെ നിയമിച്ചാണ് വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവായത്.

പാലാരിവട്ടം പാലം കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജ് ഉള്‍പ്പടെ നാല് പ്രതികളെ ആഗസ്റ്റ് 30നാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ കരാറുകാരന് ചട്ടം ലംഘിച്ച് വായ്പ അനുവദിക്കാന്‍ ഉത്തരവിട്ടതിന് പിന്നില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന് ഗുഡലക്ഷ്യമുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിക്കുകയും പിന്നീടിത് തിരുത്തുകയും ചെയ്തിരുന്നു. ഇബ്രാഹിംകുഞ്ഞിനെതിരെ രേഖകല്‍ ഉള്‍പ്പെടെ ശക്തമായ തെളിവുകള്‍ ആ ഘട്ടത്തില്‍ തന്നെ വിജിലന്‍സ് ശേഖരിച്ചിരുന്നെങ്കിലും ഒരു തുടര്‍നടപടിയും അന്വേഷണ സംഘത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. മാത്രമല്ല അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന രീതിയില്‍ സംഘത്തിലുള്ളവര്‍ തന്നെ പ്രവര്‍ത്തിക്കുന്നതായി പരാതിയും ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്ത് അന്വേഷണ സംഘത്തെ വിപുലീകരിച്ചത്. അന്വേഷണ സംഘത്തില്‍ നേരത്തെ അംഗമായ എ.എസ്.ഐ ഇസ്മയില്‍ അന്വേഷണം അട്ടിമറിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് വിജിലന്‍സില്‍ നിന്ന് തന്നെ നീക്കി ലോക്കല്‍പൊലീസിലേക്ക് മാറ്റിയിരുന്നു.