Kerala

പാലാരിവട്ടം മേൽപ്പാലം പൊളിക്കൽ നടപടി തിങ്കളാഴ്ച തുടങ്ങും

പാലാരിവട്ടം മേൽപ്പാലത്തിന്റെ പൊളിക്കൽ നടപടി തിങ്കളാഴ്ച തുടങ്ങും. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയും ഡിഎംആർസിയും നടത്തിയ സംയുക്തയോഗത്തിലാണ് തീരുമാനം. പാലം പൊളിച്ച ഉടൻ പുനഃനിർമാണം തുടങ്ങാനാണ് ഡിഎംആർസിയുടെ നീക്കം.

പാലാരിവട്ടം മേൽപ്പാലം പുനഃനിർമിക്കുന്നതിന് മുന്നോടിയായുള്ള പൊളിക്കൽ നടപടികളാണ് തിങ്കളാഴ്ച തുടങ്ങുന്നത്. പാലത്തിന്റെ ടാർ കട്ടിംഗ് ജോലികളാണ് ആദ്യം നടക്കുക. ഉപരിതലത്തിലെ ടാർ നീക്കം ചെയ്യാൻ ഒരാഴ്ച വേണ്ടിവരും. പിന്നീടാകും പാലത്തിന്റെ കോൺക്രീറ്റ് ഭാഗങ്ങൾ പൊളിക്കുക. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ് പൊളിക്കാനുള്ള കരാർ. ഇക്കാര്യങ്ങൾ തീരുമാനിക്കാൻ ഊരാളുങ്കൽ സൊസൈറ്റിയും ഡിഎംആർസിയും സംയുക്തയോഗം ചേർന്നു.

ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽപകലും രാത്രിയുമായിട്ടാകും പൊളിക്കൽ നടപടികൾ നടക്കുക. എട്ട് മാസത്തിനുള്ളിൽ പാലം പണി പൂർത്തിയാക്കുമെന്ന് ഡിഎംആർസി നേരത്തെ അറിയിച്ചിരുന്നു. ഇ.ശ്രീധരനാണ് പാലത്തിന്റെ പുനഃനിർമാണത്തിന് മേൽനോട്ടം വഹിക്കുക. ഇതിനായി പതിനെട്ട് കോടിയോളം രൂപ ചിലവാണ് പ്രതീക്ഷിക്കുന്നത്. മറ്റ് പാലങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾക്ക് നൽകിയിട്ടുള്ള തുകയിൽ ബാക്കിവന്ന പണത്തിൽ നിന്ന് പാലം നിർമിക്കാമെന്നാണ് ഇ.ശ്രീധരൻ സർക്കാരിന് നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.