പാലാരിവട്ടം പാലം അഴിമതി കേസില്‍ ടി.ഒ സൂരജ് ഉൾപ്പടെയുള്ള മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മൂന്നാം പ്രതി കിറ്റ്കോ ജോയിൻറ് ജനറൽ മാനേജർ ബെന്നി പോളിന്ന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. പാലത്തിന് ബലക്ഷയമുണ്ടന്ന് പ്രഥമദ്യഷ്ടാ ബോധ്യമാണെന്നും മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്ത് വന്നിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
പാലാരിവട്ടം മേൽപാല അഴിമതി കേസിലെ ഒന്നാം പ്രതി കരാർ കമ്പനി എം.ഡി സുമീത് ഗോയൽ നാലാം പ്രതി പൊതുമരാമത്ത് മുൻ സെക്രട്ടറിയുമായ ടി.ഒ. സൂരജ് ,രണ്ടാം പ്രതി കേരള റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെന്റ് കോർപറേഷൻ അസി. ജനറൽ മാനേജരുമായ എം.ടി തങ്കച്ചൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. വലിയ ഗൂഢാലോചന ഈ കേസിൽ നടന്നിട്ടുണ്ട്. കൂടുതൽ പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇത് അന്വേഷിക്കണമെന്നും കോടതി വ്യക്തമാക്കി .പാലം നിർമാണത്തിനുള്ള ടെണ്ടറിൽ തിരിമറി നടത്തിയതായി ആരോപണമുണ്ട്. സൂരജിനെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് 16 പരാതി അന്വേഷിക്കുന്നുണ്ട്.
കേസിൽ കൂടുതൽ അന്വേഷണം നടക്കുന്ന ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പ്രതികളായ ടി.ഒ സൂരജ്, സുമിത് ഗോയൽ എന്നിവർ വൻ സ്വാധീനമുള്ളവരാണ് പൊതുമരാമത്ത് വകുപ്പിൽ ഉള്ള പലരും സൂരജിന്റെ സഹപ്രവർത്ത കരാണെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടുതൽ പേരെ ചോദ്യം ചെയ്യേണ്ടതുണ്ട്.ഇവരിൽ പലരും സർക്കാർ ഉദ്യോഗസ്ഥരാണ്.
മൂന്ന് എജൻസികൾ നടത്തിയ അന്വേഷണത്തിൽ പാലത്തിന് ബലക്ഷയം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. മൊബിലിറ്റി ഫണ്ട് അനുവദിച്ചതിന് പിന്നാലെ സൂരജ് കൊച്ചിയിൽ വസ്തു വാങ്ങിയിട്ടുള്ളതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ടന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ടാം പ്രതി എം.ടി തങ്കച്ചൻ മറ്റ് പ്രതികൾക്കൊപ്പം ചേർന്ന് കരാറുകാരെ സഹായിച്ചു. പ്രതി ആർ.ഡി.എസ്.കമ്പനിക്ക് നിർമ്മാണ കരാർ കിട്ടാൻ പ്രവർത്തിച്ചതായി വിജിലൻസ് ആരോപിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.