India Kerala

പാലാരിവട്ടം പാലം അഴിമതി കേസ്; പ്രതികളുടെ റിമാന്‍റ് കാലാവധി നീട്ടി

പാലാരിവട്ടം മേല്‍പാല അഴിമതി കേസില്‍ ടി.ഒ സൂരജ് ഉള്‍പെടെയുള്ള നാല് പ്രതികളുടെ റിമാന്‍റ് കാലാവധി മൂവാറ്റുപുഴ വിജിലന്‍സ് കോടതി നീട്ടി. ഇന്ന് രാവിലെയാണ് മുവാറ്റുപുഴ സബ് ജയിലിൽ നിന്നും സൂരജ് ഉൾപ്പടെയുള്ള പ്രതികളെ റിമാൻറ് നീട്ടുന്നതിനായി കോടതിയിൽ ഹാജരാക്കിയത്.

36 ദിവസമായി ജയിലിൽ കഴിയുന്ന ഇവരെ മുവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് സിറ്റിംഗ് നടത്തുന്ന എറണാകുളം റസ്റ്റ് ഹൗസിലാണ് ഹാജരാക്കിയത്. തുടർന്നാണ് 17 വരെ റിമാന്റ് നീട്ടി കോടതി ഉത്തരവായത്. ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്ന് ടി.ഒ സൂരജ് മാധ്യമങ്ങളോട് പറഞ്ഞു

ഒന്നാം പ്രതി കരാർ കമ്പനി എം.ഡി സുമീത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെൻറ് കോർപറേഷൻ അസി. ജനറൽ മാനേജരുമായ എം.ടി തങ്കച്ചൻ, കിറ്റ്കോ ജോയിൻറ് ജനറൽ മാനേജർ ബെന്നി പോൾ നാലാം പ്രതിയും പൊതുമരാമത്ത് മുൻ സെക്രട്ടറിയുമായ ടി.ഒ സൂരജ് എന്നിവരുടെ ജാമ്യ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. നാലുപേരുടെയും ജാമ്യാപേക്ഷയെ എതിര്‍ത്ത് വിജിലന്‍സ് ഹൈക്കോടതിയില്‍ റിപോര്‍ട്ട് സമര്‍പിച്ചിട്ടുണ്ട്. പാലം നിർമാണത്തിനുള്ള ടെണ്ടറിൽ തിരിമറി നടത്തിയെന്നാണ് വിജിലൻസ് റിപോർട്ട്. പാലം നിർമാണത്തിലിരിക്കെ ടി.ഒ സൂരജ് മകന്റെ പേരിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.