പാലാരിവട്ടം മേല്‍പ്പാലം പൂര്‍ണമായി പൊളിച്ചു പണിയും. അറ്റകുറ്റപ്പണികള്‍ കൊണ്ട് ബലക്ഷയം പരിഹരിക്കാനാവില്ലെന്ന വിലയിരുത്തലിലാണ് പാലം പൂര്‍ണമായി പൊളിച്ചുപണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിര്‍മാണത്തിന്റെ മേല്‍നോട്ട ചുമതല ഡി. എം.ആര്‍.സി ഉപദേഷ്ടാവ് ഇ. ശ്രീധരനെ ഏല്‍പ്പിച്ചു.
പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയം പരിശോധിച്ച ഇ. ശ്രീധരനും ചെന്നൈ ഐ.ഐ.ടിയും പുനരുദ്ധാരണം പ്രായോഗികമല്ലെന്ന റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്‍കിയത്. അറ്റകുറ്റപ്പണികള്‍ കൊണ്ട് പരിഹരിക്കാന്‍ കഴിയാത്ത വിധം ദുര്‍ബലമാണ് പാലം. പൊളിച്ചുപണിയുന്നതാണ് സാമ്പത്തികമായും സുരക്ഷാപരമായും അഭികാമ്യം. മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഇ. ശ്രീധരനും തമ്മില്‍ ഇന്ന് നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായത്.
നിര്‍മാണത്തിനും മേല്‍നോട്ടത്തിനും വിദഗ്ധ ഏജന്‍സിയെ ഏല്‍പിക്കും. പൊതുവായ മേല്‍നോട്ടം, പാലം രൂപകല്‍പന, എസ്റ്റിമേറ്റ് തയ്യാറാക്കല്‍ എന്നിവ ഇ ശ്രീധരനെ ഏല്‍പിച്ചു. ഒക്ടോബറില്‍ തുടങ്ങി ഒരു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പാലാരിവട്ടം പാലത്തിന്റെ 30 ശതമാനം പണി പൂര്‍ത്തിയാക്കിയത് എല്‍.ഡി.എഫിന്റെ കാലത്താണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഏത് അന്വേഷണവും നടത്താം. ഏത് വിധത്തിലുള്ള പരിഹാരമാണ് വേണ്ടതെന്ന് സര്‍ക്കാര്‍ തീരുമാനിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.