India Kerala

പാലക്കാട് പ്ലസ് ടു വിഭാഗം ഹ്യൂമാനിറ്റീസിൽ പരീക്ഷ എഴുതിയ പന്ത്രണ്ട് വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫലം പുറത്തുവിട്ടില്ല

പാലക്കാട് എടത്തനാട്ടുകര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും പ്ലസ്ടു വിഭാഗം ഹ്യൂമാനിറ്റീസിൽ പരീക്ഷ എഴുതിയ പന്ത്രണ്ടു വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഫലം ഇത് വരെ വന്നില്ല. പരീക്ഷ ഫലം തടഞ്ഞു വെച്ചതോടെ ഉപരി പഠനം മുടങ്ങുമോ എന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികൾ.

പ്ലസ്ടു ഫലം വന്ന് ദിവസങ്ങൾ കഴിഞ്ഞെങ്കിലും എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിലെ 12 വിദ്യാര്‍ത്ഥികളുടെ ഫലം ഇതു വരെ വന്നില്ല. പരീക്ഷാഫലം തടഞ്ഞുവെച്ചതിന് കൃത്യമായ മറുപടി പോലും ലഭിക്കാതെ വന്നതോടെ വിദ്യാര്‍ത്ഥികൾ ആശങ്കയിലാണ്. ഉപരിപഠനവും, സേ, ഇപ്രൂവ്മെൻറ് പരീക്ഷകൾക്കുള്ള അവസരവും നഷ്ടമാകുമെന്നാണ് ഇവരുടെ ആശങ്ക.

പരീക്ഷ പേപ്പർ തിരുവനന്തപുരത്ത് എത്തിയിട്ടില്ല എന്ന വിവരമാണ് അവസാനമായി വിദ്യാര്‍ത്ഥികൾക്ക് ലഭിക്കുന്നത്. പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിച്ചില്ലെങ്കിൽ സമരം തുടങ്ങാനാണ് വിദ്യാര്‍ത്ഥികളുടെയും, രക്ഷിതാക്കളുടെയും തീരുമാനം. ഈ സ്കൂളിൽ നിന്ന് ഹ്യൂമാനിറ്റീസിൽ 108 കുട്ടികൾ പരീക്ഷ എഴുതിയതിൽ 12 പേരുടെ ഫലമാണ് തടഞ്ഞുവെച്ചിരിക്കുന്നത്.