പാലക്കാട് തൃത്താല മണ്ഡലത്തിലെ തിരുമിറ്റക്കോട് നവകേരള ബസിന് നേരെ കരിങ്കൊടി. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാട്ടിയത്. കുളപ്പുള്ളിയിലെ പ്രഭാത സദസ്സ് കഴിഞ്ഞ് തൃത്താല മണ്ഡലത്തിലെ സദസ്സിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും പോകവെയാണ് കരിങ്കൊടി കാട്ടിയത്.
അതേസമയം, നവകേരളാ സദസിനായി പണം ചെലവഴിക്കണമെന്ന് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാർ ഉത്തരവ് മുനിസിപ്പാലിറ്റി ആക്ട് മറികടന്നുകൊണ്ടുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്നും കോടതി പരാമർശമുണ്ടായി. പണം അനുവദിക്കണമെന്ന് നിർദേശം നൽകാൻ മുൻസിപ്പാലിറ്റി ആക്ട് പ്രകാരം സർക്കാരിന് അധികാരമില്ലെന്നും കോടതി വിലയിരുത്തി.
നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സ്റ്റേ. സ്പോൺസർഷിപ്പിലൂടെയും മറ്റും ജില്ലാ ഭരണകൂടം പണം ചെലവഴിക്കണമെന്ന സർക്കാർ ഉത്തരവടക്കം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിലാണ് ഹൈക്കോടതി പരാമർശമുണ്ടായത്.
വാർഷിക ഫണ്ട് പരിധി നിശ്ചയിക്കാൻ മാത്രമെ നിയമപ്രകാരം സർക്കാരിന് അധികാരമുള്ളൂവെന്നും കോടതി വ്യക്തമാക്കുന്നു. സർക്കാരിന് ഇത്തരമൊരു ഉത്തരവ് എങ്ങനെ ഇറക്കാനാകുമെന്ന് ഹൈക്കോടതി വാക്കാൽ ചോദിച്ചു. നിർബന്ധിത പണപ്പിരിവല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചു. കൗൺസിലിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം എന്നായിരുന്നു സർക്കാർ വാദം.