Kerala

പാലക്കാട് നാഗലശ്ശേരിയിൽ ദേശീയ പാത നിർമ്മാണത്തിന്
എന്ന പേരിൽ കുന്നിടിച്ച് മണ്ണു കടത്തുന്നു

പാലക്കാട് നാഗലശ്ശേരിയിൽ ദേശീയ പാത നിർമ്മാണത്തിന് എന്ന പേരിൽ കുന്നിടിച്ച് മണ്ണു കടത്തുന്നു എന്ന പരാതിയുമായി നാട്ടുകാർ രംഗത്ത്.പിലാക്കാട്ടിരി കക്കുന്ന് ഇടിച്ച് മണ്ണ് കടത്തുന്നു എന്നാണ് പരാതി. മണ്ണുമായി പോയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു.

നാഗലശേരി പഞ്ചായത്തിലെ ഏഴാം വാർഡായ പിലാക്കാട്ടിരിയിലെ കക്കുന്നിൽ നിന്ന് ദേശീയ പാത നിർമ്മാണത്തിന് കരാർ എടുത്ത കമ്പനി മണ്ണെടുക്കുന്നതിനെതിരെയാണ് നാട്ടുകാർ രംഗത്തെത്തിയിരിക്കുന്നത്. പ്രദേശത്ത് മണ്ണെടുപ്പ് തുടർന്നാൽ പാരിസ്ഥിതക പ്രശ്നം ഉണ്ടാവും എന്നാണ് നാട്ടുകാർ പറയുന്നത്.

മണ്ണെടുക്കാൻ എത്തിയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു.കക്കുന്നിന് മുകളിലെ ആനപ്പാറ,കുളം എന്നിവ മണ്ണെടുത്താൽ തകരുമെന്നും,താഴ്വാരത്ത് നൂറോളം വീടുകളും,പിലാക്കാട്ടിരി സ്‌കൂളും സ്ഥിതി ചെയ്യുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.

വിഷയത്തിൽ ജില്ലാ കളക്ടർക്ക് ഉൾപ്പെടെ പ്രദേശവാസികൾ പരാതി നല്കിയിട്ടുണ്ട്. അതേസമയം മണ്ണെടുക്കുന്നതിന് ജിയോളജി വകുപ്പ് അനുമതി നൽകിയിട്ടുണ്ടെന്നും, ചിലർ അനാവശ്യമായി പ്രശ്നമുണ്ടാക്കുകയാണ് എന്നുമാണ് മണ്ണെടുക്കുന്നവർ പറയുന്നത്.