പാലക്കാട് കൊല്ലങ്കോട് മാങ്ങാവ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതിന് പിന്നിൽ സ്വർണ്ണനിധി തട്ടിപ്പെന്ന് പോലീസ്.കാറിലെത്തിയ സംഘം മുതലമട സ്വദേശി കബീറിനെ ഇടിച്ചിടുകയായിരുന്നു.മൂന്ന് പേർ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു.
വിവാഹചടങ്ങ് കഴിഞ്ഞ് മടങ്ങി വരവേ മുതലമട സ്വദേശിയായ കബീറിനെ കാറിലെത്തിയ സംഘം ഇടിച്ചിടുകയായിരുന്നു. തമിഴ്‌നാട്ടിലേക്ക് തട്ടിക്കൊണ്ടുപോകാനയിരുന്നു പദ്ധതി. സ്വർണ്ണനിധി തരാമെന്ന് പറഞ്ഞ് മാങ്ങാവ്യാപാരിയായ കബീർ 38 ലക്ഷം രൂപ വാങ്ങിയിരുന്നതായാണ് പ്രതികൾ നൽകിയ മൊഴി.
സ്വർണവും പണവും കിട്ടാതായതോടെ കബീറിനെ തട്ടിക്കൊണ്ടുപോകാൻ സംഘം പദ്ധതിയിടുകയായിരുന്നു. നേരത്തെ കൊല്ലങ്കോടെത്തി കബീറിനെ നീരീക്ഷിച്ച സംഘം കൃത്യം നടപ്പാക്കുകയായിരുന്നു. മാമ്പളളത്ത് വെച്ച് കബീറിന്റെ സ്‌കൂട്ടറിൽ ഇടിച്ച മധുര സ്വദേശികൾ വാഹനാപകടമെന്ന പ്രതീതിയുണ്ടാക്കി ആശുപത്രിയിൽ എത്തിക്കാനെന്ന വ്യാജേന കാറിൽ കയറ്റവേ നാട്ടുകാർക്ക് സംശയം തോന്നിയാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് മീനാക്ഷിപുരം പൊലീസ് കാറിനെ പിന്തുടർന്ന് കബീറിനെ മോചിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മധുര സ്വദേശികളായ വിജയ്, ഗൗതം, ശിവ എന്നിവരാണ് അറസ്റ്റിലായത്. കബീർ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.