Kerala

തൃശൂരിന് പിന്നാലെ പാലക്കാടും ഭൂചലനം; ഭൂമികുലുങ്ങിയത് രണ്ട് തവണ

തൃശൂരിന് പിന്നാലെ പാലക്കാടും ഭൂചലനം. പാലക്കാട് കിഴക്കഞ്ചേരിയിലെ മലയോരമേഖലയായ പാലക്കുഴിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഇടിമുഴക്കം പോലുള്ള ശബ്ദത്തോടെയാണ് രണ്ട് തവണയാണ് ഭൂമി കുലുങ്ങിയത്. ഭൂചലനം അഞ്ച് സെക്കൻ്റ് നീണ്ടു നിന്നെന്ന് നാട്ടുകാർ പറഞ്ഞു. പനംകുറ്റി, വാൽക്കുളമ്പ്, പോത്തുചാടി,രക്കാണ്ടി മേഖലയിലും പ്രതിഫലനമുണ്ടായി. നിരവധി വീടുകളുടെ ചുവരുകളിൽ വിള്ളൽ രൂപപ്പെട്ടു. മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

നേരത്തെ തൃശൂർ പീച്ചി അണക്കെട്ട് പരിസരത്തും നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. റിക്ടർ സ്കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളോ മറ്റ് അനിഷ്ട സംഭവങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് 2.40 ഓടെയായിരുന്നു ഭൂചലനം . പീച്ചി, പൊടിപ്പാറ, അമ്പലക്കുന്ന്, വിലങ്ങന്നൂർ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

റിക്ടർ സ്കെയിലിൽ 2.5 ന് താഴെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ സാധാരണ​ഗതിയിൽ അനുഭവപ്പെടാറില്ല. 2.5 നും 5.4 നും മധ്യേ രേഖപ്പെടുത്തുന്നവ അറിയാൻ സാധിക്കും. ചെറിയ നാശ നഷ്ടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടേക്കാം. 5.5 നും 6.0 നും ഇടയിലുള്ള ഭൂചലനങ്ങൾ ചെറിയ രീതിൽ നാശനഷ്ടമുണ്ടാക്കും. 6.1 നും 6.9 നും ഇടയിലുള്ള ഭൂചലനങ്ങൾ വലിയ രീതിയിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കും. 7.0 നും 7.9 നും മധ്യേ ഉള്ള ഭൂചലനങ്ങളെ ദുരന്തമായാണ് കണക്കാക്കുന്നത്. ​ഗുരുതര നാശനഷ്ടങ്ങൾ ഇവ കാരണം ഉണ്ടാകും. 8.0 ന് മുകളിലുള്ള ഭൂകമ്പങ്ങൾ പ്രഭവകേന്ദ്രത്തിന് അടുത്തുള്ള പ്രദേശത്തെ ഒന്നടങ്കം ഇല്ലാതാക്കാൻ തക്ക ശേഷിയുള്ളതാണ്.