പാലക്കാട്, കാസര്‍കോട് ജില്ലകള്‍ കടുത്ത വരള്‍ച്ചയെ നേരിടേണ്ടി വരുമെന്ന് പഠന റിപോര്‍ട്ട്. സൌത്ത് വെസ്റ്റ് മണ്‍സൂണിന് ശേഷം ലഭിക്കേണ്ട മഴ കുത്തനെ കുറഞ്ഞതാണ് കാരണം. കാസർകോഡ് ജില്ലയിൽ മുപ്പത്തിഒമ്പതും പാലക്കാട് 38 ശതമാനവും വരെ മഴയുടെ അളവിൽ കുറവുണ്ടായെന്നാണ് സി.ഡബ്ല്യു.ആർ.ഡി.എമ്മിന്റെ കണക്ക്. ഈ കുറവ് ഭൂഗർഭ ജലത്തിന്റെ അളവിലും പ്രകടമായി തുടങ്ങി.
സൌത്ത് വെസ്റ്റ് മണ്‍സൂണില്‍ 23 ശതമാനം മഴ കൂടുതലായി കേരളത്തില്‍ ലഭിച്ചിരുന്നു. എന്നാല്‍ പ്രളയമായതിനാല്‍ തന്നെ ഭൂഗര്‍ഭ ജല പരിപോഷണം നടന്നില്ല. തുടര്‍ന്ന് ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ലഭിക്കേണ്ട മഴയില്‍ 15 ശതമാനം കുറവുണ്ടായി. തൊട്ട് പിന്നാലെ ജനുവരിയിലും ഫെബ്രുവരിയിലും മഴ ലഭ്യത കുറഞ്ഞു. ഇതാണ് സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലേക്ക് വഴി തെളിക്കുന്നത്. കാസര്‍കോഡ്, പാലക്കാട് ജില്ലകളിലാണ് നിലവിലെ കണക്കുകള്‍ അനുസരിച്ച് വരള്‍ച്ച ഏറ്റവും കൂടുതല്‍ അനുഭവപ്പെടുക. തൃശൂരില്‍ 30 ശതമാനവും കൊല്ലത്ത് 24 ശതമാനവും കുറവാണ് മഴ ലഭിച്ചത്. വരള്‍ച്ചയുടെ കാഠിന്യം വ്യക്തമാക്കുന്നതാണ് ഭാരതപ്പുഴയുള്പ്പെടെയുള്ള ജലാശയങ്ങളിലെ ജലനിരപ്പ് താഴ്ന്നതെന്നും പഠനങ്ങള്‍ പറയുന്നു.