India Kerala

യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ നാളെ തീരുമാനം ഉണ്ടാകുമെന്ന് ജോസ് കെ. മാണി പക്ഷം

പാലായിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ നാളെ തീരുമാനം ഉണ്ടാകുമെന്ന് ജോസ് കെ. മാണി പക്ഷം. ഏറ്റവും ജയസാധ്യതയുള്ള സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് ആവർത്തിക്കുന്ന ജോസ് കെ. മാണിയടക്കമുള്ളവർക്ക് ഇനിയും ഒറ്റ പേരിലേക്ക് ചർച്ച എത്തിക്കാനായിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി ഇന്ന് പാലായില്‍ ജോസ് കെ. മാണി വിഭാഗം യോഗം ചേരുന്നുണ്ട്.

പാലായിലെ യു.ഡി.എഫ് സ്ഥാനാർഥിയാകുമെന്ന ചോദ്യത്തിന് ജോസ് കെ മാണി ദിവസങ്ങളായി ആവർത്തിക്കുന്ന വാക്കുകളാണിത്. ആര് സ്ഥാനാർഥിയാകണമെന്ന കാര്യത്തിൽ ജോസ് കെ മാണി പക്ഷം ഇപ്പോഴും അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല. നാളെ പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യത്തിൽ നടക്കുന്ന ജില്ലാ യു.ഡി.എഫ് യോഗത്തിന് മുന്നേ തീരുമാനത്തിലെത്തണമെന്ന വികാരം യു.ഡി.എഫ് നേതാക്കൾ ജോസ് കെ. മാണിയെ അറിയിച്ചിട്ടുണ്ട്. കെ.എം മാണിയുടെ കുടുംബത്തിൽ നിന്ന് തന്നെ സ്ഥാനാർഥി വേണമെന്നാണ് ജോസ് പക്ഷത്തിന് ഇപ്പോഴുമുള്ള നിലപാട്.

ജോസഫ് വിഭാഗവുമായുള്ള തർക്കങ്ങൾ തുടരുന്നതിനിടെ ഇ.ജെ അഗസ്തി മുതൽ ബേബി ഉഴുത്തു വാലിന്റെ വരെ പേര് ഇതിനിടയിൽ ഉയർന്ന് വന്നെങ്കിലും സമവായത്തിലേക്ക് എത്തിയിട്ടില്ല. നിഷാ ജോസ് കെ. മാണിയെ സ്ഥാനാർഥിയാക്കാനായില്ലെങ്കിൽ ജോസ് കെ. മാണി തന്നെ മത്സരിക്കണമെന്ന ആവശ്യം ജോസ് പക്ഷത്ത് ശക്തമാണ്. സ്ഥാനാർഥിയാരെന്ന് ജോസ് കെ. മാണി വ്യക്തമാക്കിയ ശേഷം മാത്രം നിലപാട് യു.ഡി.എഫിനെ അറിയിക്കാമെന്നാണ് ജോസഫ് പക്ഷത്തെ ധാരണ.