പാലായിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം യു.ഡി.എഫിന് തലവേദനയായേക്കുമെന്ന് സൂചന. കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗവും ഇതുവരെ ചര്‍ച്ചകള്‍ക്ക് തയ്യാറായിട്ടില്ല. ജോസ് കെ. മാണി വിഭാഗം കൊണ്ടു വരുന്ന സ്ഥാനാര്‍ത്ഥിയെ അതേപടി അംഗീകരിക്കാനാകില്ലെന്ന് ജോസഫ് വിഭാഗം നിലപാട് എടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പൊതു സമ്മതനെ കണ്ടെത്താനുള്ള നീക്കവും സജീവമാണ്.
31ാം തിയതി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആരാണെന്ന അറിയിക്കണമെന്നാണ് യു.ഡി.എഫ് കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗത്തിനും നല്കിയിരിക്കുന്ന നിര്‍ദ്ദേശം. ജോസഫ് വിഭാഗത്തിന് കൂടി സ്വീകാര്യനായ ഒരു സ്ഥനാര്‍ത്ഥിയെ നിര്‍ത്തണമെന്നും ഈ സ്ഥാനാര്‍ത്ഥിക്ക് പി.ജെ ജോസഫ് ചിഹ്നം നല്കണമെന്നുമാണ് യു.ഡി.എഫ് നിബന്ധന. എന്നാല്‍ സ്ഥാനാര്‍ത്ഥി ആരാകണമെന്നതിനെ കുറിച്ച് ഇതുവരെ ഒരു ചര്‍ച്ചയും ഇരുവിഭാഗവും തമ്മില്‍ നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ജോസ് കെ. മാണി കൊണ്ടുവരുന്ന സ്ഥാനാര്‍ത്ഥിയെ അതേപടി അംഗീകരിക്കേണ്ടെന്നാണ് ജോസഫ് വിഭാത്തിന്റെ നിലപാട്. ചിഹ്നം നല്കാനുള്ള അധികാരമുള്ളതിനാല്‍ തങ്ങള്‍ക്കും കൂടി സ്വീകാര്യനായ ഒരു സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരാനാണ് ജോസഫ് ശ്രമിക്കുന്നത്. ഇരുവിഭാഗവും വിട്ട് വീഴ്ചകള്‍ക്ക് തയ്യാറാകാതെ വന്നാല്‍ പാലയില്‍ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ഇത് സാരമായി ബാധിക്കും.