India Kerala

പാലായില്‍ പ്രതീക്ഷയ്ക്കൊത്ത പോളിംഗ് ശതമാനം ഇല്ലാത്തതില്‍ യു.ഡി.എഫ് ക്യാമ്പില്‍ അസ്വസ്ഥത

പാലാ ഉപതെരഞ്ഞെടുപ്പില്‍ പ്രതീക്ഷയ്ക്കൊത്ത പോളിംഗ് ശതമാനം ഇല്ലാത്തത് യു.ഡി.എഫ് ക്യാമ്പില്‍‌ അസ്വസ്ഥയുണ്ടാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത കോണ്‍ഗ്രസിന് കേരളാ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ വലിയ അതൃപ്തിയുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ദിനം ജോയ് എബ്രഹാം നടത്തിയ പ്രതികരണത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ അതൃപ്തരാണ്. എങ്കിലും വിജയം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് യു.ഡി.എഫ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം 77ശതമാനം കടന്നിരുന്നുവെങ്കില്‍ ഉപതെരഞ്ഞെടുപ്പില്‍ അത് 71.43 എന്നതിലാണ് എത്തിയത്. പോളിംഗ് ശതമാനം മോശമല്ലെന്ന് യു.ഡി.എഫ് കണക്കുകൂട്ടുമ്പോഴും ജോസഫ്, ജോസ് കെ. മാണി വിഭാഗത്തിന്റെ തമ്മിലടി പോളിംഗ് ശതമാനം കുറടയ്ക്കാന്‍ പ്രധാന കാരണമായെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. സ്ഥാനാർഥിയെ അവതരിപ്പിച്ചിട്ടും ചിഹ്നം സംബന്ധിച്ച അവ്യക്ത തുടർന്നതും വോട്ടർമാരില്‍ ആദ്യഘട്ടത്തില്‍ തന്നെ മടുപ്പുളവാക്കിയതായും യു.ഡി.എഫ് നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. കേരളാ കോണ്‍ഗ്രസ് വിരുദ്ധ കോണ്‍ഗ്രസ് വോട്ടുകള്‍ പെട്ടിയിലെത്തിക്കാന്‍ കോണ്‍ഗ്രസ് മുതിർന്ന നേതാക്കളൊക്കെയും കഠിനപരിശ്രമം നടത്തിയിരുന്നു. ഇത് ഒരു പരിധിയോളം രാമപുരം ഭരണങ്ങാനം കൊഴുവനാല്‍ പഞ്ചായത്തില്‍ പോലും ഫലിച്ചതായും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പ് ദിനം തന്നെ അപസ്വരങ്ങള്‍ ഉണ്ടാക്കിയ ജോയ് എബ്രഹാമിന്റെ പ്രതികരണത്തോടും ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. അഞ്ച് നിയസഭാ ഉപതെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ കേരളാ കോണ്‍ഗ്രസിനോട് വീണ്ടും തർക്കങ്ങളിലേക്ക് പോകരുതെന്നും യു.ഡി.എഫും കോണ്‍ഗ്രസ് നേതൃത്വവും അറിയിച്ചിട്ടുണ്ട്. ബി.ജെ.പി കോട്ടയം ജില്ലാ കമ്മിറ്റിയിലുണ്ടായ വിള്ളല്‍ മുതലെടുക്കാനായെന്നും ശബരിമല വിഷയത്തിലെ വോട്ടുകളില്‍ നല്ലൊരു വിഭാഗം യു.ഡി.എഫ് സ്ഥാനാർഥിക്ക് എത്തിക്കാനായെന്നും യു.ഡി.എഫ് കണക്കുകൂട്ടുന്നു.