India Kerala

പാലാ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി ജോസഫ് വിഭാഗം

ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് ഇല്ലെങ്കിലും പാലാ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി ജോസഫ് വിഭാഗം. കെ. എം മാണിയുടെ സീറ്റില്‍ ആര് മത്സരിക്കണമെന്ന കാര്യം ജോസ് വിഭാഗത്തിന് തീരുമാനിക്കാമെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. അതേസമയം ചെയര്‍മാനെ തെരഞ്ഞെടുത്ത സംസ്ഥാന സമിതിക്കെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി എത്തുന്നുണ്ട്.

ചെയര്‍മാന്‍ സ്ഥാനം വിട്ട് നല്കാത്ത സാഹചര്യത്തില്‍ പാലാ സീറ്റില്‍ ആവശ്യം ഉന്നയിച്ച് ജോസ് വിഭാഗത്തെ സമ്മര്‍ദ്ദത്തിലാക്കാനുളള നീക്കം ജോസഫ് വിഭാഗത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. എന്നാല്‍ യു.ഡി.എഫ് ഇടപെട്ടതോടെ ഈ നീക്കത്തില്‍ നിന്നും ജോസഫ് വിഭാഗം പിന്നോട്ട് പോയതായാണ് സൂചന. കെ.എം മാണിയുടെ സീറ്റില്‍ അവകാശ വാദം ഉന്നയിക്കേണ്ടെന്നാണ് നിലവിലെ തീരുമാനം. ഉപതെരഞ്ഞെടുപ്പില്‍ തോല്‍വി ഉണ്ടാകരുതെന്ന യു.ഡി.എഫിന്റെ കര്‍ശന നിര്‍ദ്ദേശം ജോസഫ് വിഭാഗം അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചകള്‍ക്കും ഇരുവരും തയ്യാറായിട്ടില്ല. ചെയര്‍മാനെ തെരഞ്ഞെടുത്ത സംസ്ഥാന കമ്മിറ്റിക്കെതിരെ പരാതികള്‍ നല്കുകയാണ് ജോസഫ് വിഭാഗം. 5 ാം തിയതി പാലായില്‍ ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ ആയതിനാല്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടായേക്കില്ല.