ഇടത് മുന്നണിയെ പ്രതിസന്ധിയിലാക്കി എന്‍.സി.പിയിലെ തര്‍ക്കം തുടരുന്നു. പാലായിലും ഉഴവൂര്‍ വിജയന്‍ വിഭാഗം രാജി വയ്ക്കാന്‍ തയ്യാറെടുക്കുകയാണ്. അതേസമയം നേരത്തെ സ്ഥാനാര്‍ഥിയാകാന്‍ രംഗത്ത് എത്തിയ സാബു എബ്രഹാം മാണി സി. കാപ്പന് പിന്തുണയുമായി മുന്നോട്ട് വന്നിട്ടുണ്ട്.
പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയിലുള്ളവരാണ് കഴിഞ്ഞ ദിവസം രാജിവെച്ചത്. ഇതിന് പിന്നാലെയാണ് പാലാ നിയോജക മണ്ഡലത്തിലും ഉഴവൂര്‍ വിഭാഗം അനുകൂലികള്‍ രാജി വെക്കാന്‍ തയ്യാറെടുക്കുന്നത്. പുതുപ്പള്ളിയിലുളളവര്‍ പാര്‍ട്ടിക്കാരല്ലെന്നും രാജി തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നുമാണ് തോമസ് ചാണ്ടി വിഭാഗം പറയുന്നത്. എന്നാല്‍ പാലായിലുളളവര്‍ രാജിവെച്ചാല്‍ അത് തിരിച്ചടിയാകുമെന്നാണ് സൂചന.
ഇതിനിടെ രാജിവെച്ചവര്‍ പിന്തുണച്ചിരുന്ന സാബു എബ്രഹാം മാണി സി. കാപ്പന് പിന്തുണയുമായി രംഗത്ത് എത്തി. സ്ഥാനാര്‍ത്ഥിയാകാനുള്ള ആവശ്യം പാര്‍ട്ടിക്കുള്ളിലാണ് പറഞ്ഞതെന്നും പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നും സാബു എബ്രഹാം പറഞ്ഞു. പ്രചരണത്തിന്റെ അവസാന ലാപ്പില്‍ എന്‍.സി.പിയിലുണ്ടാക്കുന്ന പൊട്ടിത്തെറി എല്‍.ഡി.എഫിനെയും ആശങ്കയിലാക്കിയിട്ടുണ്ട്. വോട്ടെടുപ്പിന് മുന്‍പ് പ്രശ്നം പരിഹരിക്കാന്‍ തിരക്കിട്ട ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.