India Kerala

ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിനും അഗ്നി പരീക്ഷ

ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ എത്തിയ ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിനും എല്‍.ഡി.എഫിനും കടുത്ത അഗ്നിപരീക്ഷയാണ്. അതുകൊണ്ട് തന്നെ മാണിയില്ലാത്ത പാലയെ സ്വന്തമാക്കാന്‍ സർവ അടവും എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് ഗോദയില്‍ പയറ്റും.

ചരിത്രത്തിലില്ലാത്ത തോല്‍വി .അതിന് പിന്നാലെയാണ് ഉപതെരഞ്ഞെടുപ്പ്. അതിനാല്‍ യു.ഡി.എഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കാനായാല്‍ എല്‍.ഡി.എഫിനും സംസ്ഥാന സര്‍ക്കാരിനും രാഷ്ട്രീയമായ ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാക്കി അതിനെ മാറ്റാന്‍ കഴിയും. അതുകൊണ്ട് തന്നെ കരുതലോടെയാണ് അണിയറയില്‍ എല്‍.ഡി.എഫ് തന്ത്രം മെനയുന്നത്. ലോക്സഭയിലെ തോല്‍വി ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളുതായിരുന്നുവെന്നും അത് ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നുമാണ് എല്‍.ഡി.എഫിന്റെ കണക്ക് കൂട്ടല്‍.

ഇത്തരത്തില്‍ തിരിച്ചടികള്‍ സാഹചര്യത്തിന്റേത് മാത്രമായിരുന്നുവെന്ന് വ്യഖ്യാനിക്കണമെങ്കിലും പാല പിടിക്കാനാകണം. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളാവും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമായും മുന്നോട്ട് വെയ്ക്കുക. പാലായില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞാല്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ക്ക് അത് ഊര്‍ജ്ജം പകരുമെന്ന് ഇടത് മുന്നണിക്കും സര്‍ക്കാരിനും അറിയാം. അതുകൊണ്ട് തന്നെ പഴുതടച്ചാണ് ഓരോ നീക്കവും.