പാലാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം മൂന്നാംഘട്ടത്തിലേക്ക് കടക്കുന്നു. മൂന്ന് പ്രധാന മുന്നണികളുടേയും സ്ഥാനാര്‍ഥികളും വാഹന പര്യടനം ആരംഭിക്കുന്നു. ബി.ജെ.പി സ്ഥാനാർഥി എന്‍ ഹരിയുടെ വാഹന പ്രചാരണം ഇന്ന് ആരംഭിക്കുമ്പോള്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാർഥികളുടേത് 14ന് തുടങ്ങും.
പ്രധാന വ്യക്തികളെ കണ്ടു. സ്ഥാപനങ്ങളിലെ സന്ദര്‍ശനവും പൂര്‍ത്തിയാക്കി. പഞ്ചായത്തുകളിലെ പ്രധാന കേന്ദ്രങ്ങളില്‍ ഒരു തവണ വോട്ടു തേടി വോട്ടര്‍മാർക്കരികിലേക്ക് എത്തി. ബൂത്ത് തലം വരെയുള്ള കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇനി വാഹന പര്യടനത്തിലേക്ക് നീങ്ങുകയാണ് സ്ഥാനാര്‍ഥികള്‍.
ബി.ജെ.പി സ്ഥാനാര്‍ഥി എന്‍ ഹരിയുടെ സ്ഥാനാർഥി പര്യടനം ഇന്ന് രാവിലെ മുത്തോലിയില്‍ ആരംഭിക്കും. എ.എന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമും ഇടത് മുന്നണി സ്ഥാനാർഥി മാണി സി കാപ്പനും രണ്ട് ദിവസം കൂടി വിവിധ പഞ്ചായത്തുകളിലെ പ്രധാന സ്ഥലങ്ങളില്‍ പ്രചാരണം കേന്ദ്രീകരിക്കും. 14 മുതലാണ് ഇരുവരുടേയും സ്ഥാനാര്‍ഥി പര്യടനം.
വരും ദിവസങ്ങളില്‍ പ്രധാനപ്പെട്ട നേതാക്കള്‍ കൂടി പ്രചാരണ രംഗത്ത് സജീവമാകുന്നതോടെ പാലായിലെ തെരഞ്ഞെടുപ്പ് പോരിന് കൂടുതല്‍ വീറും വാശിയും കൈവരും. ഇതോടെ ദേശീയ സംസ്ഥാന രാഷ്ട്രീയത്തിലെ വിഷയങ്ങളും പാലായിലെ തെരഞ്ഞെടുപ്പ് പോരില്‍ മൂർച്ചയുള്ള ആയുധങ്ങളായി മാറും.