India Kerala

മാണിയില്ലാത്ത പാലായില്‍ അട്ടിമറിക്കൊരുങ്ങി എല്‍.ഡി.എഫ്

പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിക്കായുള്ള ചര്‍ച്ചകള്‍ ഇരുമുന്നണികളും സജീവമാക്കി. കേരള കോണ്‍ഗ്രസിലെ തര്‍ക്കം ഉടന്‍ പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. പാലാ സീറ്റില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ ആശങ്ക യു.ഡി.എഫിനെ അലട്ടുമ്പോള്‍ കേരള കോണ്‍ഗ്രസിലെ തര്‍ക്കം മുതലെടുക്കാനുള്ള ശ്രമത്തിലാണ് എല്‍.ഡി.എഫ്. മാണിയില്ലാത്ത പാലായില്‍ അട്ടിമറി നടത്താനാകുമെന്നാണ് പ്രതീക്ഷ. ഇതിനോടകം തന്നെ എല്‍.ഡി.എഫ് ഇതിനായുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു.

പാലാ പിടിക്കാമെന്ന മോഹം പോലും എല്‍.ഡി.എഫിന് ഒരു കാലത്ത് ഇല്ലായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറി. കെ.എം മാണി ഇല്ലാത്തതും കേരള കോണ്‍ഗ്രസിലെ തമ്മിലടിയും വലിയ പ്രതീക്ഷയാണ് എല്‍.ഡി.എഫിന് നല്‍കുന്നത്. ഒപ്പം മാണി സി കാപ്പനെ തന്നെ കളത്തിലിറക്കാന്‍ സാധിച്ചാല്‍ വിജയം ഉറപ്പാണെന്നുമാണ് ഇവര്‍ കരുതുന്നത്. കഴിഞ്ഞ വര്‍ഷം മാണിയുടെ ഭൂരിപക്ഷം കുറക്കാനായത് വലിയ പ്രതീക്ഷയാണ് ഇടത് മുന്നണിക്ക് നല്‍കുന്നത്.

കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിഷ ജോസ് കെ മാണിയായാല്‍ അനായാസം ജയിക്കാനാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ എന്‍.സി.പിയിലെ തര്‍ക്കം എല്‍.ഡി.എഫിനെ അല്‍പം ആശങ്കയിലാക്കുന്നുണ്ട്. തര്‍ക്കം രൂക്ഷമാകുന്നതിന് മുന്‍പ് പരിഹരിക്കണമെന്ന നിര്‍ദ്ദേശം എല്‍.ഡി.എഫ് എന്‍.സി.പിക്ക് നല്‍കിയിട്ടുണ്ടെന്നാണ് വിവരം.