കെ.എം മാണിയുടെ മരണത്തോടെ പാലാ നിയോജക മണ്ഡലത്തിൽ നിര്‍ത്തിവെച്ച യു.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടന്റെ പ്രചാരണ പരിപാടികൾ പുനരാരംഭിച്ചു. പാലായിൽ കെ.എം മാണി അനുസ്മരണത്തോടെ ആയിരുന്നു പ്രചാരണ പരിപാടികൾ വീണ്ടും തുടങ്ങിയത്. പാലായിലെ എല്ലാ പഞ്ചായത്തുകളിലും കെ.എം മാണി സ്മൃതിസംഗമം നടത്താനും യു.ഡി.എഫ് തീരുമാനിച്ചു.
കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് ഒരാഴ്ചയോളം പാലാ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടൻ പ്രചാരണം നടത്തിയിരുന്നില്ല. ദുഃഖാചരണം ഒരാഴ്ച പിന്നിട്ടതോടെയാണ് വീണ്ടും പ്രചാരണം പുനരാരംഭിക്കാൻ തീരുമാനിച്ചത്. പാലാ ടൗണിൽ നടത്തിയ കെ എം മാണി അനുസ്മരണത്തോടെ ആയിരുന്നു പാലായിലെ പ്രചരണ പരിപാടികൾക്ക് വീണ്ടും ആരംഭിച്ചത്. കോൺഗ്രസ് നേതാവ് എ.കെ ആൻറണി പ്രചാരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
മോൻസ് ജോസഫ്, ജോയി എബ്രഹാം, ജോഷി ഫിലിപ്പ് അടക്കമുള്ള യു.ഡി.എഫ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. പാലായിലെ എല്ലാ പഞ്ചായത്തുകളിലും കെ.എം മാണി സ്മൃതി സംഗമം നടത്താനും യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. രണ്ട് ദിവസം പ്രചാരണം നിർത്തിവച്ച എൽ.ഡി.എഫ് സ്ഥാനാർഥി വി.എൻ വാസവൻ കഴിഞ്ഞ ദിവസം പാലായിൽ പ്രചാരണം നടത്തിയിരുന്നു. എൻ.ഡി.എ സ്ഥാനാർഥി പി.സി തോമസും പാലായിൽ പ്രചാരണം സജീവമായിട്ടുണ്ട്.