India Kerala

പാലാ ഉപതെരഞ്ഞെടുപ്പ്; യു.ഡി.എഫ് ആശങ്കയില്‍

കേരള കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂക്ഷമായതോടെ പാലാ ഉപതെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ യു.ഡി.എഫ് ആശങ്കയില്‍. എത്രയും വേഗം തര്‍ക്കം പരിഹരിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലേക്ക് കടക്കണമെന്ന് ജില്ല യു.ഡി.എഫ് തീരുമാനിച്ചെങ്കിലും ജോസ് കെ. മാണി വിഭാഗവും ജോസഫ് വിഭാഗം നിലപാട് കടുപ്പിച്ചിരിക്കുന്നത് യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് എത്രയും വേഗം ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നാണ് ജില്ല യു.ഡി.എഫില്‍ ഉയര്‍‌ന്ന പ്രധാന ആവശ്യം. ജോസ് കെ. മാണിയും മോന്‍സ് ജോസഫും അടക്കമുള്ളവര്‍ ഇക്കാര്യം ശരിവെക്കുകയും ചെയ്തു. എന്നാല്‍ സ്ഥാനാര്‍ഥി ആരാകണമെന്ന കാര്യത്തില്‍ തര്‍ക്കം രൂക്ഷമാകുമെന്നാണ് സൂചന. പാലാ സീറ്റിന് വേണ്ടി ജോസഫ് പിടിമുറുക്കിയാല്‍ യു.ഡി.എഫിന് അത് തലവേദനയാകും. എന്നാല്‍ പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കുമെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്.

തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സീറ്റ് ആര്‍ക്കാണെന്ന് വ്യക്തമാക്കാന്‍ പോലും യു.ഡി.എഫ് നേതാക്കള്‍ തയ്യാറായില്ല. 5ാം തിയതി പാലായില്‍ ചേരുന്ന യോഗത്തില്‍ ഇക്കാര്യം തീരുമാനിക്കാനാണ് ധാരണ. ഉപതെരഞ്ഞെടുപ്പിന് മുന്‍പ് കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. സീറ്റില്‍ യു.ഡി.എഫ് സ്വതന്ത്രനെ മത്സരിപ്പിക്കാനുള്ള ശ്രമങ്ങളും ഉണ്ടായേക്കും.