സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള കേരളാ കോണ്‍ഗ്രസിലെ തര്‍ക്കത്തിന് പിന്നാലെ എന്‍.ഡി.എയിലും തര്‍ക്കം രൂക്ഷമാകുന്നു. പാലാ സീറ്റില്‍ ബി.ജെ.പി തന്നെ മത്സരിക്കാനുള്ള നീക്കം ഉണ്ടായതോടെയാണ് പ്രശ്നം വഷളായിരിക്കുന്നത്.
പി.സി തോമസിന്റെ കേരള കോണ്‍ഗ്രസും പി.സി ജോര്‍ജ്ജിന്റെ ജനപക്ഷവുമാണ് പാലാ സീറ്റിന് വേണ്ടി ശക്തമായി അവകാശ വാദം എന്‍.ഡി.എയില്‍ ഉന്നയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ബി.ഡി.ജെ.എസും സീറ്റ് ആവശ്യവുമായി രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ തവണ വോട്ട് ഷെയര്‍ വര്‍ദ്ധിച്ചത് ചൂണ്ടിക്കാട്ടി ബി.ജെ.പി തന്നെ മത്സരിക്കാനുള്ള നീക്കമാണ് നടത്തുന്നത്. സംസ്ഥാന അധ്യക്ഷന്റെ വാക്കുകളില്‍ നിന്ന് തന്നെ ഇക്കാര്യം വ്യക്തം.
കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍.ഹരി, പാല നിയോജകമണ്ഡലം പ്രസിഡന്റ് ബിനു എന്നിവര്‍ക്കാണ് ബി.ജെ.പിയില്‍ സാധ്യത. എന്നാല്‍ പൂഞ്ഞാര്‍ അടക്കമുളള പ്രദേശങ്ങളിലെ സ്വാധീനം ഉയര്‍ത്തിക്കാട്ടി ഷോണ്‍ ജോര്‍ജ്ജിന് വേണ്ടി സീറ്റ് ചോദിക്കാനാണ് പി.സി ജോര്‍ജ്ജ് ശ്രമിക്കുന്നത്. ലോക്സഭ സീറ്റ് നല്കിയ സാഹചര്യത്തില്‍ പി.സി തോമസിന് സാധ്യത കുറവാണ്.