പാലാ ഉപതെരഞ്ഞെടുപ്പിൽ ശക്തി തെളിയിക്കാൻ ജോസ് കെ. മാണി വിഭാഗം. പാലായിൽ ജോസഫ് വിഭാഗത്തെ ഒഴിവാക്കി തെരഞ്ഞെടുപ്പ് കൺവെൻഷൻ വിളിച്ചു ചേർത്തു. ഉപതെരഞ്ഞെടുപ്പിൽ രണ്ട് ഇല ചിഹ്നത്തിൽ തന്നെ കേരള കോൺഗ്രസ് എം. സ്ഥാനാർഥി മത്സരിക്കുമെന്ന് ജോസ് കെ. മാണി വ്യക്തമാക്കി. പാർട്ടി രണ്ടായി പിളർന്ന സാഹചര്യത്തിലാണ് ജോസഫ് വിഭാഗത്തെ പൂർണമായും ഒഴിവാക്കി തെരഞ്ഞെടുപ്പ് കൺവെൻഷൻ പാലായിൽ ജോസ് കെ. മാണി വിഭാഗം വിളിച്ചുചേർത്തത്. നിയോജക മണ്ഡലത്തിൽ ഉള്ള ജോയി എബ്രഹാമിനെ പോലും യോഗത്തിലേക്ക് ക്ഷണിച്ചില്ല. ഏതുവിധേനയും ഉപതെരഞ്ഞെടുപ്പ് വിജയിക്കുക എന്ന ലക്ഷ്യമാണ് ജോസ് കെ. മാണി വിഭാഗത്തിലുള്ളത്.
ആയതിനാൽ ഉണർന്ന് പ്രവർത്തിക്കാൻ അണികൾക്ക് ജോസ് കെ. മാണി നിർദ്ദേശം നൽകി. എല്ലാവരും അംഗീകരിക്കുന്ന ഒരു സ്ഥാനാർത്ഥി തന്നെയാകും പാലായിൽ മത്സരിക്കുകയെന്നും. ഈ സ്ഥാനാർഥിക്ക് പാർട്ടി ചിഹ്നം ഉണ്ടായിരിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു. സീറ്റിന്‍റെ കാര്യത്തിൽ ഇതുവരെ ജോസഫ് വിഭാഗം എതിർപ്പൊന്നും ഉന്നയിച്ചിട്ടില്ല. പക്ഷേ സ്ഥാനാർത്ഥിക്ക് ചിഹ്നം നൽകേണ്ടത് ചെയർമാൻ ആയതിനാൽ ചില തർക്കങ്ങൾ ഉണ്ടായേക്കാം. ആയതിനാൽ ചിഹ്നം അനുവദിക്കുന്ന കാര്യത്തിൽ വരുംദിവസങ്ങളിൽ ത ർക്കങ്ങൾ ഉണ്ടാകും. എന്നാൽ തർക്കങ്ങൾ ഒഴിവാക്കി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ശ്രമങ്ങൾ യു.ഡി.എഫ് നടത്തുന്നുണ്ട്. എന്നാൽ ഇത് പൂർണ്ണ വിജയമാകില്ലെന്നാണ് സൂചന.