India Kerala

അജ്ഞാതരോഗം ബാധിച്ച് നെല്‍ച്ചെടികള്‍ നശിക്കുന്നു; കര്‍ഷകര്‍ ദുരിതത്തില്‍

അജ്ഞാതരോഗം ബാധിച്ച് നെല്‍ച്ചെടികള്‍ നശിക്കുന്നത് കര്‍ഷകരെ ദുരിതത്തിലാക്കുന്നു. തൃശ്ശൂര്‍ ആനന്ദപുരത്തിനു സമീപം വില്ലിച്ചിറ പാടശേഖരത്തിലാണ് 25 ഏക്കറോളം നെല്‍കൃഷി രോഗബാധയെതുടര്‍ന്ന് നശിച്ചത്. ഇരുനൂറേക്കറിലധികം വിസ്തൃതിയുള്ളതാണ് പറപ്പൂക്കര പഞ്ചായത്തില്‍ പെടുന്ന വില്ലിച്ചിറ പാടശേഖരം. മണിരത്‌നം, രുദ്ര, ശ്രേയസ് എന്നിങ്ങനെ മൂന്നുതരം വിത്തുകള്‍ ഉപയോഗിച്ചാണ് ഇത്തവണ ഇവിടെ കൃഷിയിറക്കിയത്.

ഇതില്‍ മണി രത്‌നം വിത്തുപയോഗിച്ച കര്‍ഷകരുടെ കൃഷിയാണ് രോഗബാധ മൂലം നശിക്കുന്നത്. പാടശേഖരത്തിലെ ഒരു ഭാഗത്ത് മാത്രം പ്രത്യക്ഷപ്പെട്ട് രോഗബാധ ക്രമേണ മറ്റ ഭാഗങ്ങളിലേക്ക് ‌വ്യാപിക്കുകയായിരു‌ന്നു. 25 ഓളം കര്‍ഷകരുടെ 50 ഏക്കറോളം നിലത്തിലെ നെല്‍കൃഷിയെ ഇതുവരെ രോഗം ബാധിച്ചിട്ടുണ്ട്. നെല്‍ച്ചെടികളില്‍ മഞ്ഞളിപ്പ് ബാധിക്കുന്നതാണ് രോഗത്തിന്‍റെ ആദ്യ ലക്ഷണം. പിന്നീട് ഓലകള്‍ കരിയും. വേരുകളും ഇതോടൊപ്പം ചീഞ്ഞുപോകും. കൃഷി ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി നിര്‍ദ്ദേശിച്ച മരുന്നുകള്‍ പ്രയോഗിച്ചെങ്കിലും രോഗബാധക്ക് ഒട്ടും കുറവുണ്ടായിട്ടില്ലന്നാണ് കര്‍ഷര്‍ പറയുന്നത്.