India Kerala

തിരുവല്ലയില്‍ നെല്ലിന് കീടനാശിനി തളിച്ച രണ്ട് പേര്‍ മരിച്ചു

തിരുവല്ല വേങ്ങല്‍ പാടശേഖരത്ത് നെല്ലിന് മരുന്ന് തളിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട രണ്ടു പേര്‍ മരിച്ചു. വേങ്ങല്‍ കഴുപ്പില്‍ കോളനിയില്‍ സനല്‍ കുമാര്‍, ജോണി എന്നിവരാണ് മരിച്ചത്. മൂന്നു പേര്‍ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

വ്യാഴാഴ്ചയാണ് ഇവര്‍ പാടശേഖരത്ത് മരുന്ന് തളിച്ചത്. വിളവെടുപ്പിന് പാകമായ നെല്ലിനാണ് മരുന്ന് തളിച്ചത്. ഇന്നലെ ഇവര്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും ആശുപത്രിയില്‍ ആക്കുകയും ആയിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.

മരിച്ച രണ്ടു പേരും കര്‍ഷക തൊഴിലാളികള്‍ ആണ്. കൃഷി വകുപ്പ് അംഗീകരിച്ചു നല്‍കിയ കീടനാശിനി ആണോ ഇവര്‍ ഉപയോഗിച്ചതെന്ന് വ്യക്തമല്ല. വിരാട് എന്ന പേരില്‍ ഉള്ള കീടനാശിനി ചില സ്വകാര്യ ഏജന്‍സികള്‍ എത്തിച്ചതാണെന്നും പറയുന്നു.