Kerala

കൊവിഡ് ഏറ്റവും ബാധിച്ചത് ടൂറിസം മേഖലയെ; പ്രതിസന്ധി മറികടക്കാന്‍ ദീര്‍ഘകാല പദ്ധതി നടപ്പാക്കുമെന്ന് ടൂറിസം മന്ത്രി

കേരളത്തിലെ ടൂറിസം മേഖല വലിയ തിരിച്ചടി നേരിടുകയാണെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കും. ഓരോ പഞ്ചായത്തിലും ടൂറിസം ഡെസ്റ്റിനേഷന്‍ തുടങ്ങാനുള്ള പദ്ധതി ആലോചനയിലുണ്ട്. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഒന്നില്‍ കുറയാത്ത ഡെസ്റ്റിനേഷന്‍ ഉണ്ടാകും. കൊവിഡ് മൂന്നാം തരംഗത്തെ കുറിച്ചുള്ള പഠനങ്ങള്‍ക്ക് ശേഷം പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

ടൂറിസം മേഖലയെ മാത്രം ആശ്രയിച്ചുജീവിക്കുന്നവര്‍ക്ക് പ്രത്യേക പദ്ധതിയുണ്ടാകും. സംസ്ഥാനത്തിന്റെ ഭാവി ഇനി ആഭ്യന്തര ടൂറിസത്തിലായിരിക്കുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു. ലോകത്താകെ കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ചത് ടൂറിസം മേഖലയെ ആണെങ്കിലും നഷ്ടം തിരികെ കൊണ്ടുവരാനും മേഖലയെ ശക്തിപ്പെടുത്താനും ഈ സര്‍ക്കാരിന് ആത്മവിശ്വാസമുണ്ട്. മൂന്നാം തരംഗത്തിന്റെ വ്യാപനം കുറയുന്നതോടെ മികച്ച പുതിയ പദ്ധതികള്‍ക്ക് തുടക്കമിടും. കൊവിഡിന് ശേഷം ഏറ്റവും കൂടുതല്‍ പ്രതീക്ഷയുള്ള മേഖലയാണ് ടൂറിസം. പിഡബ്ല്യുഡി റെസ്റ്റ് ഹൗസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെട്ടെന്നും ടൂറിസം മന്ത്രി വ്യക്തമാക്കി.

അതേസമയം ടൂറിസം കേന്ദ്രങ്ങളിലടക്കം കൂടുതല്‍ മദ്യവില്‍പന ശാലകള്‍ തുറക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനമെടുത്തു. ഏപ്രിലില്‍ പ്രാബല്യത്തിലാകാനിരിക്കുന്ന പുതിയ മദ്യനയത്തിലെ തീരുമാനങ്ങളുടെ ഭാഗമാണിത്.