ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തില്‍ പുതിയപറമ്പില്‍ തോമസിന്റെയും അന്നമ്മയുടേയും മകനായി 1950 ഡിസംബര്‍ 12നാണ് പി.ടി തോമസിന്റെ ജനനം. തൊടുപുഴ ന്യൂമാന്‍ കോളജ്, മാര്‍ ഇവാനിയോസ് കോളജ് തിരുവനന്തപുരം, മഹാരാജാസ് കോളജ് എറണാകുളം, ഗവ.ലോ കോളജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
ഒരു കാലത്ത് സംസ്ഥാന കോണ്‍ഗ്രസിലെ യുവതുര്‍ക്കികളില്‍ ഒരാളായിരുന്നു പി.ടി. തോമസ്. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടുകളെടുത്തിട്ടുള്ള പി.ടി.തോമസ്, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ പാര്‍ട്ടിയില്‍ നിന്ന് വ്യത്യസ്തമായി നിലപാടെടുത്ത് ശ്രദ്ധേയനായി.
എന്നും കോണ്‍ഗ്രസിലെ വ്യത്യസ്ത ശബ്ദമായിരുന്നു പി.ടി.തോമസ്. ഉറച്ച നിലപാടുകളും അഭിപ്രായങ്ങളുമുള്ള തോമസ്, അതെവിടെയും തുറന്നുപറയാന്‍, ആരുടെ മുഖത്ത് നോക്കിയും പറയാന്‍ ഒരു മടിയും കാണിച്ചില്ല. പാര്‍ട്ടിയുടേതില്‍ നിന്ന് വ്യത്യസ്തമായി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന തോമസിന് അതിന് വിലയും നല്‍കേണ്ടിവന്നു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി ലോക്‌സഭാ സീറ്റ് തോമസിന് നിഷേധിച്ചു.
കിറ്റെക്‌സ് കമ്പനിയുടെ പ്രവര്‍ത്തനം കടമ്പ്രയാര്‍ മലിനപ്പെടുത്തിയെന്ന പി.ടി.തോമസിന്റെ ആരോപണവും തുടര്‍ന്നുണ്ടായ വിവാദങ്ങളും ഈയടുത്ത കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ആദ്യകാലത്ത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ സജീവമായിരുന്ന തോമസ് പക്ഷെ ഒരുഘട്ടം കഴിഞ്ഞപ്പോള്‍ ഗ്രൂപ്പുകളില്‍ നിന്ന് അകന്നുനിന്നു. കെ.കരുണാകരന്‍ കോണ്‍ഗ്രസില്‍ ശക്തനായിരുന്ന കാലത്ത് അദ്ദേഹത്തോട് ഏറ്റുമുട്ടാന്‍ തോമസിന് ഒരു മടിയുമുണ്ടായിരുന്നില്ല. പാര്‍മെന്ററി രാഷ്ട്രീയത്തിന്റെ ഭാഗമായപ്പോള്‍ കാര്യങ്ങള്‍ പൂര്‍ണമായി പഠിച്ച്, ആധികാരികമായി സഭകളില്‍ അവതരിപ്പിക്കുന്ന ശീലം തോമസിന്റെ പ്രത്യേകതയായിരുന്നു.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ കെഎസ്‌യുവിലൂടെയാണ് പി.ടി.തോമസ് രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ചത്. കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചു. 1980ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 2007ല്‍ ഇടുക്കി ഡിസിസി പ്രസിഡന്റായ തോമസ്, കെപിസിസി നിര്‍വാഹക സമിതി അംഗം, എഐസിസി അംഗം, യുവജനക്ഷേമ ദേശീയ സമിതി ഡയറക്ടര്‍, കെഎസ്യു മുഖപത്രം കലാശാലയുടെ എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ചെപ്പ് മാസികയുടെ എഡിറ്റര്‍, സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ സംസ്ഥാന ചെയര്‍മാന്‍, കേരള ഗ്രന്ഥശാലാ സംഘം എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. വീക്ഷണം എഡിറ്ററായും മാനേജിംഗ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. 1991, 2001 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തൊടുപുഴയില്‍ നിന്നും 2016 ലും 2021 ലും തൃക്കാക്കരയില്‍ നിന്നും ജയിച്ചു. 2009ല്‍ ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍നിന്നു ജയിച്ച് എംപിയായി. 1996, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തൊടുപുഴയില്‍ പി.ജെ.ജോസഫിനോട് പരാജയപ്പെട്ടു. നിലവില്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ആണ്.
‘എഡിബിയും പ്രത്യയശാസ്ത്രങ്ങളും’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. ഉമ തോമസ് ആണ് ഭാര്യ. വിഷ്ണു തോമസ്, വിവേക് തോമസ് എന്നിവരാണ് മക്കള്‍.