India Kerala

23 വര്‍ഷത്തെ കാത്തിരിപ്പ്; ഒടുവില്‍ കോന്നിയെ ചുവപ്പിച്ച് ജനീഷ് കുമാര്‍

23 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കോന്നിയെ ചുവപ്പിച്ച് ജനീഷ് കുമാര്‍. നീണ്ട വര്‍ഷത്തെ കോണ്‍ഗ്രസ് മേധാവിത്വത്തിനുള്ള തിരിച്ചടി കൂടിയാണ് കോന്നിയിലെ എല്‍.ഡി.എഫിന്റെ കെ.യു ജനീഷ് കുമാറിന്റെ മികച്ച മാര്‍ജിനിലെ വിജയം. യു.ഡി.എഫ് സ്ഥാനാര്‍ഥി പി മോഹന്‍രാജിനെയാണ് ജനീഷ് കുമാര്‍ കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റില്‍ മലര്‍ത്തിയടിച്ചത്. എന്‍.ഡി.എക്ക് വേണ്ടി കെ സുരേന്ദ്രനായിരുന്നു കോന്നിയില്‍ മല്‍സരിച്ചത്. പത്തനംതിട്ടയുടെ ഭാഗമായ കോന്നിയില്‍ ശബരിമല വിഷയം പിന്തുണക്കുമെന്ന് കണക്കുകൂട്ടിയാണ് എന്‍.ഡി.എ സുരേന്ദ്രനെ കളത്തിലിറക്കിയിരുന്നത്. എന്നാല്‍ മുമ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയ 45,506 വോട്ട് പിടിക്കാന്‍ പോലും സുരേന്ദ്രന് കഴിഞ്ഞില്ല. 39786 വോട്ടുകള്‍ മാത്രമാണ് സുരേന്ദ്രന്‍ പെട്ടിയിലാക്കിയത്.

70.07 ശതമാനം വോട്ടിങ് രേഖപ്പെടുത്തിയ കോന്നിയില്‍ 9953 വോട്ടിന്റെ ഭൂരിപക്ഷമാണ് ജനീഷ് നേടിയത്. 54099 വോട്ട് ജനീഷ് കുമാറിന്റെ അക്കൗണ്ടിലെത്തി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മോഹന്‍രാജിന് ലഭിച്ചത് 44146 വോട്ട് ആണ്. എന്‍.ഡി.എയുടെ കെ.സുരേന്ദ്രന്‍ 39786 വോട്ട് നേടി. 2016-ലെ തിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് 72,800 വോട്ട് പിടിച്ചിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്‍.സനല്‍കുമാറിനേക്കാള്‍ 20748 വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു അടൂര്‍ പ്രകാശിന്റെ വിജയം. ആ ഭൂരിപക്ഷം മറികടക്കാന്‍ ജനീഷ് കുമാറിന് കഴിഞ്ഞില്ലെങ്കിലും യു.ഡി.എഫിന്റെ കോട്ട തകര്‍ക്കാന്‍ കഴിഞ്ഞു എന്നത് തന്നെ വിലമതിക്കാനാകാത്ത നേട്ടമാണ്.

1965-ലാണ് കോന്നി മണ്ഡലം രൂപം കൊള്ളുന്നത്. കോണ്‍ഗ്രസിന്റെ പി.ജെ തോമസ് ആയിരുന്നു ആദ്യ എം.എല്‍.എ. പിന്നീട് 1982 മുതല്‍ 1996 വരെ നീണ്ടക്കാലം ഇടതു വലതു മുന്നണികളെ മാറിമാറി പിന്തുണച്ചു. 1996-ല്‍ അടൂര്‍ പ്രകാശ് മണ്ഡലം പിടിച്ചടക്കിയതോടെ ഈ ട്രെന്‍ഡിന് മാറ്റം വന്നു. 96-ല്‍ സിറ്റിങ് എം.എല്‍.എ ആയിരുന്ന എ. പത്മകുമാറിനെ 806 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചാണ് അടൂര്‍ പ്രകാശ് നിയമസഭയിലെത്തിയത്. പിന്നീടങ്ങോട്ടുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും അടൂര്‍ പ്രകാശിന്റെ തേരോട്ടമായിരുന്നു. കോണ്‍ഗ്രസ് സ്വന്തം സീറ്റായി എണ്ണുന്ന ഉറപ്പിച്ച മണ്ഡലത്തിലാണ് ഇത്തവണ ഇടത് മുന്നണി വലിയ മുന്നേറ്റത്തില്‍ വിജയം സ്വന്തമാക്കിയത്.