India Kerala

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന് ജില്ലാ സെക്രട്ടറി

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍. ഇസ്ലാമിക തീവ്രവാദികളും മാവോയിസ്റ്റുകളും തമ്മില്‍ ചങ്ങാത്തമുണ്ട്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം തീവ്രവാദ സംഘടനകളാണ് മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നത്. പൊലീസ് ഇക്കാര്യം പരിശോധിക്കണമെന്നും മോഹനന്‍ പറഞ്ഞു.

കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളന വേദിയിലാണ് പി.മോഹനന്റെ ആരോപണം. എന്‍.ഡി.എഫുകാര്‍ക്കും മറ്റ് ഇസ്ലാമിക മതമൌലിക ശക്തികള്‍ക്കും എന്തൊരു ആവേശമാണ് മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കാനെന്നും മോഹനന്‍ ആരോപിച്ചു.

സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. അതിന്റെ ഫലമാണ് ഉപതെരഞ്ഞെടുപ്പിലുണ്ടായ വിജയം. എന്നാല്‍ ഇതിന് തടയിടാനാണ് ഇപ്പോഴത്തെ ശ്രമമെന്നും മോഹനന്‍ പറഞ്ഞു.