കേരള കോണ്‍ഗ്രസുമായി മുസ്‍ലിം ലീഗ് വിശദമായി ചര്‍ച്ച നടത്തിയതാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. താനും എം കെ മുനീറുമാണ് ചര്‍ച്ച നടത്തിയത്. ധാരണയിലെത്തുക എന്നത് പ്രയാസകരമായി. അന്തിമ തീരുമാനം കോണ്‍ഗ്രസ് എടുക്കട്ടേ എന്നാണ് ലീഗിന്‍റെ തീരുമാനം. യുഡിഎഫ് തീരുമാനം എന്താണോ അതാണ് ലീഗിന്‍റെയും തീരുമാനം. ഇക്കാര്യത്തില്‍ ഒരു പരാതിയും ലീഗിനില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യുഡിഎഫ് അധികാരപ്പെടുത്തിയത് അനുസരിച്ചാണ് ലീഗ് ചര്‍ച്ച നടത്തിയത്. ഇനിയും ചര്‍ച്ച വേണമെങ്കില്‍ യുഡിഎഫ് അനുമതി വേണം. നാളെ യോഗത്തിന് ശേഷമേ മറ്റ് കാര്യങ്ങള്‍ പറയാനാകൂ. ഇനി എന്ത് വേണമെന്ന് യുഡിഎഫ് കൂട്ടായി തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജോസ് വിഭാഗത്തെ യുഡിഎഫില്‍ നിര്‍ത്താന്‍ പരമാവധി പരിശ്രമിച്ചെന്ന് മുസ്‍ലിം ലീഗ് നേതാവ് എം കെ മുനീര്‍ പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയിലുണ്ടായ ധാരണ ജോസ് വിഭാഗം പാലിച്ചില്ല. മുന്നണി ആവശ്യപ്പെട്ടിട്ടും പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചില്ലെന്നും മുനീര്‍ പറഞ്ഞു.
യുഡിഎഫില്‍ തുടരാന്‍ ജോസ് കെ മാണി വിഭാഗത്തിന് അര്‍ഹതയില്ലെന്നാണ് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ പറഞ്ഞത്‍. കോട്ടയം ജില്ലാപ്രസിഡന്‍റ് സ്ഥാനം സംബന്ധിച്ച യുഡിഎഫ് നേതൃത്വത്തിന്‍റെ തീരുമാനത്തെ ജോസ് കെ മാണി വിഭാഗം അംഗീകരിക്കാന്‍ തയ്യാറായില്ല. യുഡിഎഫ് തീരുമാനം അംഗീകരിക്കാത്തവര്‍ മുന്നണിയില്‍ വേണ്ട. യുഡിഎഫ് യോഗത്തില്‍ നിന്നും ജോസ് വിഭാഗത്തെ മാറ്റിനിര്‍ത്തിയെന്നും ബെന്നി ബെഹ്നാന്‍ അറിയിച്ചു.
അതേസമയം ഐക്യജനാധിപത്യ മുന്നണി കെട്ടിപ്പടുത്ത കെ എം മാണിയെയാണ് യുഡിഎഫ് പുറത്താക്കിയതെന്ന് ജോസ് കെ മാണി പ്രതികരിച്ചു. കെ എം മാണി സാറിന്‍റെ രാഷ്ട്രീയത്തെയാണ് യുഡിഎഫ് തള്ളിപ്പറഞ്ഞത്. കഴിഞ്ഞ 38 വര്‍ഷം പ്രതിസന്ധി കാലഘട്ടത്തില്‍ മുന്നണിയെ സംരക്ഷിച്ചയാളാണ് കെ എം മാണിയെന്നും ജോസ് കെ മാണി പറഞ്ഞു.
കാല് മാറ്റക്കാരോടൊപ്പമാണ് യുഡിഎഫ് നിന്നത്. ധാരണ പാലിക്കാത്തതിന്‍റെ പേരിലാണെങ്കില്‍ ജോസഫിനെ ആയിരം തവണ പുറത്താക്കണം. നാളെ രാവിലെ 10.30ന് പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരും. അതിന് ശേഷം രാഷ്ട്രീയ തീരുമാനമുണ്ടാകും. കേരള കോണ്‍ഗ്രസിന്‍റെ ആത്മാഭിമാനം ആരുടെ മുന്നിലും അടിയറവെക്കില്ലെന്നും ജോസ് കെ മാണി പറഞ്ഞു.