വടകരയില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ സ്ഥാനാര്‍ഥിയാക്കാന്‍ സി.പി.എം ആലോചിക്കുന്നു. പി.കരുണാകരന്‍ ഒഴികെയുള്ള സിറ്റിങ് എം.പിമാര്‍ക്ക് വീണ്ടും സീറ്റ് നല്‍കും. എം.എം ആരിഫ് എം.എല്‍.എയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എന്‍ ബാലഗോപാലും പി.രാജീവും പട്ടികയിലുണ്ട്. കോഴിക്കോട് എ.പ്രദീപ്കുമാര്‍ സ്ഥാനാര്‍ഥിയായേക്കും. പത്തനംതിട്ടയിൽ വീണ ജോർജ്ജിനേയും പാർട്ടി പരിഗണിക്കുന്നുണ്ട്. സ്ഥാനാർത്ഥി പട്ടിക ചർച്ച ചെയ്യാൻ പാർലമെന്റ് മണ്ഡലം കമ്മിറ്റികൾ ഇന്ന് ചേരുന്നുണ്ട്.
കഴിഞ്ഞ തവണ ജെ.ഡി.എസിനു നല്‍കിയ കോട്ടയം കൂടി സി.പി.എം ഏറ്റെടുക്കാനാണ് സാധ്യത. ഇതോടെ 10 പാര്‍ട്ടികളുള്ള മുന്നണിയില്‍ സി.പി.എമ്മിനും സി.പി.ഐക്കും മാത്രമായി ലോക്‌സഭാ സീറ്റ് വിഭജിക്കപ്പെടും. ജയരാജനെ വടകരയില്‍ മത്സരിപ്പിക്കാനുള്ള ധാരണ സി.പി.എം നേതൃത്വത്തിലുണ്ടായിട്ടുണ്ടെന്നാണ് സൂചന. അരയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ പ്രതി ചേര്‍ത്തതോടെ സാധ്യത മങ്ങിയെന്ന് വിലയിരുത്തപ്പെടുന്നതിനിടയിലാണ് വടകരയിലെ പട്ടികയിൽ ജയരാജൻ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ന് ചേരുന്ന മണ്ഡലം കമ്മിറ്റിയിൽ അന്തിമ തീരുമാനമുണ്ടായേക്കും. സിറ്റിങ് എം.പിമാരായ പി.കെ ശ്രീമതി, എം.ബി രാജേഷ്,പി.കെ.ബിജു,ഇന്നസെന്റ്,ജോയ്‌സ് ജോര്‍ജ്, എ.സമ്പത്ത് എന്നിവര്‍ നിലവിലെ മണ്ഡലങ്ങളില്‍ തന്നെ മത്സരിക്കും. മത്സരിക്കാനില്ലെന്ന് ആദ്യം പറഞ്ഞ ഇന്നസെന്റിനും ഒഴിവാകാന്‍ ആലോചിച്ച പി.കെ ബിജുവിനും ഒരവസരം കൂടി നല്‍കുകയായിരുന്നു.
കാസര്‍കോട് പി.കരുണാകരനു പകരം സംസ്ഥാന സമിതി അംഗം കെ.പി.സതീഷ്ചന്ദ്രന്‍ സ്ഥാനാര്‍ഥിയാകും. കോഴിക്കോട് എ.പ്രദീപ്കുമാര്‍ എം.എല്‍.എ സ്ഥാനാര്‍ഥിയാകും. എറണാകുളത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.രാജീവാണ് സ്ഥാനാര്‍ഥി. ആലപ്പുഴയില്‍ അരൂര്‍ എം.എല്‍.എ എ.എം. ആരിഫ് മത്സരിക്കും. കോട്ടയത്ത് ഉഴവൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഡോ.സിന്ധുമോള്‍ ജേക്കബും വാസവനും പരിഗണനയിലുണ്ട്.
സാമുദായിക സമവാക്യങ്ങള്‍ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് സിന്ധുവിന്റെ സ്ഥാനാര്‍ഥിത്വം. കൊല്ലത്ത് മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ കെ.എന്‍.ബാലഗോപാലാണ് സ്ഥാനാര്‍ഥി. പത്തനംതിട്ടയില്‍ ആറന്മുള എം.എല്‍.എ വീണാ ജോര്‍ജ് സ്ഥാനാര്‍ഥിയായേക്കും. മലപ്പുറത്ത് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനുവിനാണ് സ്ഥാനാര്‍ഥി. പൊന്നാനിയിലും പൊതുസമ്മതിയുള്ള സ്വതന്ത്രനെ സ്ഥാനാര്‍ഥിയാക്കാനാണ് സി.പി.എം ആലോചന. മണ്ഡലം കമ്മിറ്റികള്‍ ചേര്‍ന്ന് സ്ഥാനാര്‍ഥി പട്ടിക ചര്‍ച്ച ചെയ്യും. നാളെയും മറ്റന്നാളും ചേരുന്ന സംസ്ഥാന സമിതി യോഗം സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ അംഗീകാരം നല്‍കും.