India Kerala

പി.സി വിഷ്ണുനാഥിനെ വര്‍ക്കിങ് പ്രസിഡന്റാക്കാന്‍ ധാരണ

കെ.പി.സി.സി പുനഃസംഘടനയില്‍ പി.സി വിഷ്ണുനാഥിനെ വര്‍ക്കിങ് പ്രസിഡന്റാക്കാന്‍ ധാരണ. നിലവില്‍ എ.ഐ.സി.സി സെക്രട്ടറിയാണ് വിഷ്ണുനാഥ്. എം ഐ ഷാനവാസിന്റെ ഒഴിവിലേക്കാണ് പി.സി വിഷ്ണുനാഥ് വരുക. എം എം ഹസനെ യു.ഡി.എഫ് കണ്‍വീനറാക്കുന്ന കാര്യത്തിലും തീരുമാനമാമായിട്ടുണ്ട്.

എ ഗ്രൂപ്പിന്റെ നോമിനിയായിട്ടാണ് പി.സി വിഷ്ണുനാഥ് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുക. യൂത്തെന്ന പരിഗണനയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പിന്തുണയും വിഷ്ണുനാഥിന് അനൂകല ഘടകമായി.എ ഗ്രൂപ്പിനുള്ളില്‍ തമ്പാനൂര്‍ രവി അടക്കമുള്ളവരുടെ പേരുകള്‍ ഉയര്‍ന്ന് വന്നിരുന്നെങ്കിലും ഹൈക്കമാന്റിന് മനസ്സറിഞ്ഞ ഉമ്മന്‍ചാണ്ടി അവസാനഘടത്തില്‍ വിഷ്ണുനാഥ് വരട്ടെയെന്ന നിലപാട് എടുക്കുകയായിരുന്നു.സംസ്ഥാനത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ എ.ഐ.സി.സി സെക്രട്ടറിയായ വിഷ്ണുനാഥിനും താത്പര്യമുണ്ട്.

എം.ഐ ഷാനവാസിന്റെ ഒഴിവിലേക്കായതിനാല്‍ ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള ഒരാള്‍ വരണമെന്ന തരത്തിലുള്ള ചര്‍ച്ചകളുണ്ടായിരുന്നങ്കിലും അത് മുന്നോട്ട് പോയിരുന്നില്ല.യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം എം.എം ഹസന് നല്‍കുന്നതോടെ അത്തരത്തിലുള്ള ചര്‍ച്ചകള്‍ അവസാനിക്കുമെന്ന കണക്ക് കൂട്ടലിലാണ് പ്രധാനപ്പെട്ട ഗ്രൂപ്പുകള്‍.കണ്‍വീനര്‍ സ്ഥാനത്തേക്ക് മറ്റ് പല പേരുകള്‍ ഉയരുന്നുണ്ടങ്കിലും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോഴും വയനാട് സീറ്റിലേക്ക് താത്പര്യം പ്രകടിപ്പിച്ചപ്പോഴും കണ്‍വീനറാക്കാമെന്ന ഉറപ്പ് ഹസന് നല്‍കിയിരുന്നുവെന്ന നിലപാടിലാണ് പ്രധാനപ്പെട്ട നേതാക്കള്‍.