ഇന്ത്യയുടെ പത്താമത് രാഷ്ട്രപതിയായിരുന്ന കെ.ആര് നാരായണന് ലോക്സഭയില്‍ ഒറ്റപ്പാലം മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു. നയതന്ത്ര പ്രതിനിധിയായിരുന്ന കെ.ആര് നാരായണന് സി.പി.എമ്മിന്റെ കയ്യില്‍ നിന്ന് ഒറ്റപ്പാലം മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. മൂന്നു തവണയാണ് ഒറ്റപ്പാലം മണ്ഡലത്തില്‍ നിന്ന് കെ.ആര് നാരായണന് തെരഞ്ഞെടുക്കപ്പെട്ടത്.
അമേരിക്കയില്‍ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെന്ന നിലയില്‍ തിളങ്ങിയ ശേഷം മടങ്ങിയെത്തിയ കെ.ആര് നാരായണനെ ഇന്ദിരാഗാന്ധിയാണ് രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചത്. 1984ല്‍ ഇന്ദിരാഗാന്ധിയുടെ മരണശേഷം നടന്ന പൊതു തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയുടെ പിന്തുണയോടെ ഒറ്റപ്പാലം സംവരണ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി കെ.ആര് നാരായണന് നിയോഗിക്കപ്പെട്ടു. അന്നത്തെ ഒറ്റപ്പാലം എം.പിയും യുവ നേതാവുമായിരുന്ന സി.പി.എമ്മിന്റെ എ.കെ ബാലനായിരുന്നു എതിരാളി.
തികച്ചും സി.പി.എം അനുകൂല മണ്ഡലമെന്ന് വിലയിരുത്തപ്പെട്ടിരുന്ന ഒറ്റപ്പാലത്ത് കെ.ആര് നാരായണന്റെ ചിരിയോടെയും പതിഞ്ഞ സംസാരത്തോടെയുമുള്ള ആ പ്രചാരണ ശൈലിയും, ഇന്ദിരാ ഗാന്ധി വധത്തെത്തുടര്‍ന്ന് കോണ്‍ഗ്രസിന് അനുകൂലമായി ഉണ്ടായ തരംഗവും എല്ലാം ചേര്‍ന്ന് ഒറ്റപ്പാലം മണ്ഡലം സി.പി.എമ്മില്‍ നിന്ന് പിടിച്ചെടുത്ത് കന്നിയങ്കത്തില്‍ തന്നെ 55,570 വോട്ടിന്റെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിന്റെ കയ്യിലെത്തിച്ചു. പിന്നീട് 1989ലും 91ലും കെ.ആര് നാരായണന് തന്നെ ഒറ്റപ്പാലം മണ്ഡലത്തില്‍ മത്സരിച്ചു.
അടുത്തിടെ അന്തരിച്ച ചലച്ചിത്ര സംവിധായകന് ലെനിന് രാജേന്ദ്രനായിരുന്നു രണ്ടു തവണയും എതിരാളി. ഒരു തവണ 26,187 വോട്ടിന്റെ ഭൂരിപക്ഷത്തിലും അടുത്ത തവണ 15,088 വോട്ടിന്റെ ഭൂരിപക്ഷത്തിലും ഒറ്റപ്പാലം നാരായണനൊപ്പം നിന്നു. കെ.ആര് നാരായണന് മത്സരിച്ചപ്പോഴൊന്നും ഒറ്റപ്പാലം മണ്ഡലം കോണ്‍ഗ്രസിനെ കൈവിട്ടില്ല. ഒറ്റപ്പാലം എം.പിയായിരുന്ന കെ.ആര് നാരായണന് രാജീവ് ഗാന്ധി മന്ത്രിസഭയില്‍ വിവിധ കാലയളവുകളിലായി ആസൂത്രണം, വിദേശകാര്യം, ശാസ്ത്ര സാങ്കേതികം എന്നീ വകുപ്പുകളില്‍ സഹമന്ത്രിയായി.
1991ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നുവെങ്കിലും നാരായണന് മന്ത്രിസഭയിലുണ്ടായില്ല. പക്ഷേ കൂടുതല്‍ ഭാരിച്ച ചുമതലകള്‍ ഇന്ത്യന്‍ രാഷ്ട്രീയം ഒറ്റപ്പാലം എം.പിയ്ക്കായി കാത്തുവെച്ചിരുന്നു. 1992ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി വി.പി സിങ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് കെ.ആര് നാരായണന്റെ പേര് നിര്‍ദേശിച്ചു. തൊട്ടു പിറകെ നാരായണന്റെ സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചു. ഒറ്റപ്പാലത്ത് നാരായണന്റെ എതിരാളികളായിരുന്ന ഇടതുപാര്‍ട്ടികളും ജനതാദളും പിന്തുണച്ചു. അതോടെ 1992 ആഗസ്റ്റ് 21ന് കെ.ആര് നാരായണന് ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി. 1997 ജൂലൈ 17ന് രാഷ്ട്രപതിയായും തെരഞ്ഞെടുക്കപ്പെട്ടു.
മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എന്‍ ശേഷന് എതിരാളിയായിരുന്ന മത്സരത്തില്‍, രേഖപ്പെടുത്തിയ വോട്ടിന്റെ തൊണ്ണൂറ്റഞ്ചു ശതമാനവും നേടിയാണ് നാരായണന് ഇന്ത്യയുടെ ദലിതനായ ആദ്യത്തെ രാഷ്ട്രപതിയായത്. കോട്ടയം ജില്ലയിലെ ഉഴവൂരില്‍ ജനിച്ച് രാഷ്ട്രീയത്തില്‍ ഒറ്റപ്പാലത്തു നിന്ന് തുടങ്ങിയ യാത്ര ചെന്നു നിന്നത് രാഷ്ട്രപതി ഭവനിലാണ്. പിന്നീട് ചരിത്രപരമായ ഒട്ടേറെ തീരുമാനങ്ങളിലൂടെയും നിലപാടുകളിലൂടെയും കെ.ആര് നാരായണന് ചരിത്രത്തില്‍ ഇടം നേടി. നാരായണന് മത്സരിച്ചിരുന്നപ്പോള്‍ ഒറ്റപ്പാലം മണ്ഡലം കോണ്‍ഗ്രസിനെ കൈവിട്ടില്ലെന്നതുപോലെ നാരായണനു ശേഷം ഒറ്റപ്പാലം കോണ്‍ഗ്രസിന് കിട്ടിയതുമില്ല. പതിറ്റാണ്ടുകള്‍ക്കിപ്പുറം നാരായണനും ഒറ്റപ്പാലം മണ്ഡലവും ഓര്‍മകള്‍ മാത്രമായി.