ഓര്‍ത്തഡോക്സ് സഭ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കാതോലിക്ക ബാവക്ക് ഓര്‍ത്തഡോക്സ് സഭയിലെ മുതിര്‍ന്ന വൈദികരുടെ കത്ത്. സഭാ നേതൃത്വം കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ സഭയുടെ താല്പര്യത്തിനും ശ്രേയസ്സിനും വിരുദ്ധമാണെന്നാണ് സഭയിലെ വലിയ വിഭാഗം വിശ്വാസികളും കരുതുന്നത്. യാക്കോബായ വിഭാഗത്തിന്റെ ശവസംസ്കാരവുമായി ബന്ധപ്പെട്ടുണ്ടാകുന്ന തര്‍ക്കങ്ങളും ആക്രമണങ്ങളും ക്രൈസ്തവ സാക്ഷ്യത്തിന് എതിരാണെന്നും കത്തില്‍ ചൂണ്ടികാണിക്കുന്നു.
മലങ്കര സഭ പള്ളിത്തര്‍ക്കത്തില്‍ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സഭ നേതൃത്വം സ്വീകരിച്ച നിലപാടുകളില്‍ ഓര്‍ത്തഡോക്സ് സഭയിലെ ഒരു വിഭാഗം വൈദികര്‍ക്ക് തന്നെ ശക്തമായ എതിര്‍പ്പ് നിലനില്ക്കുന്നതിന്റെ തെളിവാണ് മുതിര്‍ന്ന വൈദികര്‍ കാതോലിക്ക ബാവക്ക് അയച്ച കത്ത്. സുപ്രീംകോടതി വിധിയോടെ മലങ്കരസഭയില്‍ ശാശ്വതസമാധാനം ഉണ്ടാകുമെന്ന് കരുതിയിരുന്നുവെങ്കിലും സമീപകാലസംഭവങ്ങള്‍ പ്രതീക്ഷക്ക് മങ്ങലേല്‍പ്പിച്ചു. കേരളീയ പൊതുസമൂഹത്തില്‍ സഭ അവഹേളിക്കപ്പെടുകയും രാഷ്ട്രീയമായി അവഗണിക്കപ്പെടുകയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരിഹാസപാത്രമാവുകയും ചെയ്തു. യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും മനസ്സില്‍ പോലും വെറുപ്പും വൈരാഗ്യവും കടത്തിവിടുകയാണെന്നും കത്തില്‍ ആരോപിക്കുന്നു. ഓര്‍ത്തഡോക്സ് സഭ വേട്ടക്കാരനും യാക്കോബായ സഭ ഇരകളും എന്ന തെറ്റായ സന്ദേശം പൊതുസമൂഹത്തെ വിശ്വസിപ്പിക്കുന്നതില്‍ മറുപക്ഷം വിജയിച്ചിരിക്കുന്നു. യാക്കോബായ വിഭാഗത്തിന്റെ ഹൃദയങ്ങളെ മുറിപ്പെടുത്താത്തതും വികാരങ്ങളെ വ്രണപ്പെടുത്താത്തതുമായ നടപടികളാണ് ഓര്‍ത്തഡോക്സ് സഭ നേതൃത്വം സ്വീകരിക്കേണ്ടത്. പള്ളിയും സെമിത്തേരിയും ഉപേക്ഷിച്ച് വിശ്വാസികള്‍ പുറത്ത് പോകുന്നത് ആശ്വാസകരമല്ല. പാത്രിയാര്‍ക്കീസ് ബാവ അയച്ച കത്തിന് എത്രയും വേഗം മറുപടി നല്‍കണമെന്നും കോടതി വിധി ക്രിയാത്മകമായി നടപ്പിലാക്കാന്‍ സര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ അനൌപചാരിക ചര്‍ച്ചകള്‍ നടത്തണമെന്നും കത്തില്‍ ചൂണ്ടികാണിക്കുന്നു. മുതിര്‍ന്ന വൈദികന് ഫാദര്‍ ടി ജെ ജോഷ്വ അടക്കം 13 വൈദികരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.